ജെയ്ക്ക് സി തോമസ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും
പുതുപ്പള്ളിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക നല്‍കും. കോട്ടയം കളക്ടറേറ്റില്‍ വരണാധികാരിയായ ആര്‍ഡിഒ മുന്പാകെ രാവിലെ 11 മണിക്കാണ് ജെയ്ക്ക് പത്രിക സമര്‍പ്പിക്കുക.
ഇടത് കണ്‍വീനര്‍ ഇ.പി.ജയരാജൻ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ജെയ്ക്കിനെ അനുഗമിക്കും.
ഉമ്മൻചാണ്ടിയുടെ മരണാനന്തര ചടങ്ങുകളുടെ മുപ്പതാം നാളായ ഇന്ന് പുതുപ്പള്ളി പള്ളിയില്‍ പ്രാര്‍ത്ഥനകള്‍ നടത്തിയ ശേഷമാകും യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ പ്രചാരണം തുടങ്ങുക. ബിജെപി പ്രചാരണത്തിന് നേതൃത്വം നല്‍കാൻ സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രനും ഇന്ന് പുതുപ്പള്ളിയില്‍ എത്തും. ബിജെപി കോട്ടയം ജില്ലാ അധ്യക്ഷൻ ലിജിൻ ലാലാണ് ബിജെപി സ്ഥാനാര്‍ത്ഥി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും ലിജിൻ ലാല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2014 മുതല്‍ ബിജെപി കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജെയ്ക് സി തോമസിനെ മൂന്നാം അങ്കത്തിനാണ് സിപിഎം ഇറക്കിയിരിക്കുന്നത്. പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കളെത്തും. 24 ന് പ്രചാരണത്തിനെത്തുന്ന മുഖ്യമന്ത്രി അയര്‍ക്കുന്നത്തും പുതുപ്പള്ളിയിലും ചേരുന്ന എല്‍ഡിഎഫിന്റെ യോഗങ്ങളില്‍ പങ്കെടുക്കും. അതേസമയം, ആദ്യഘട്ട പ്രചാരണത്തിന് മന്ത്രിമാര്‍ പങ്കെടുക്കുന്നില്ല. 31 ന് ശേഷമാണ് രണ്ടാം ഘട്ട പ്രചാരണം.