എം.വി ഗോവിന്ദനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് കെ സുധാകരന്‍
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തന്റെ സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം നടത്തുന്നത് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ്. അക്കൗണ്ട് വിവരങ്ങൾ അറിയിക്കാൻ ഭാര്യയ്ക്ക് കത്ത് ലഭിച്ചിട്ടുണ്ടെന്നും കെ സുധാകരൻ വെളിപ്പെടുത്തി. ദില്ലിയിലെത്തിയത് രാഹുൽ ഗാന്ധിയെ കാണാനാണ്.
അതേ സമയം, കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയില്ലെന്ന് കെ സുധാകരൻ. സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും ഹൈക്കമാൻഡ് നേതാക്കളുടെ നിർദ്ദേശം മാനിച്ച് തീരുമാനം മാറ്റുകയായിരുന്നുവെന്നാണ് സുധാകരൻ അറിയിച്ചത്. കേസിൽ പ്രതിയായതുകൊണ്ടാണ് മാറിനിൽക്കാൻ സന്നദ്ധത അറിയിച്ചത്. എന്നാൽ ഹൈക്കമാന്റ് നേതാക്കൾ ഒഴിയരുതെന്ന് ആവശ്യപ്പെട്ടു.
അതോടെ ആ ചാപ്റ്റർ അവസാനിച്ചുവെന്നും സുധാകരൻ കണ്ണൂരിൽ വിശദീകരിച്ചു. തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച ദേശാഭിമാനിക്കും എം വി ഗോവിന്ദനുമെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും സുധാകരൻ പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണവുമായി പൂർണ്ണമായി സഹകരിച്ചു. ചോദ്യം ചെയ്തതിനു ശേഷം പൂർണ്ണ ആത്മവിശ്വാസമുണ്ടെന്നും സുധാകരൻ പറഞ്ഞു.