രാജ്യസഭാ സീറ്റ്: പി.പി. സുനീർ സി.പി.ഐ സ്ഥാനാർഥി
ഇടതുമുന്നണിയില്‍ സി.പി.ഐക്ക് അനുവദിക്കപ്പെട്ട രാജ്യസഭാ സീറ്റില്‍ പി.പി. സുനീര്‍ സ്ഥാനാർഥിയാകും. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജനാധിപത്യപരമായ ചർച്ചയിലൂടെയാണ് സ്ഥാനാർഥിയെ തിരുമാനിച്ചതെന്ന് ബിനോയ് വിശ്വം പറഞ്ഞു.
സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ് മലപ്പുറം പൊന്നാനി സ്വദേശിയായ സുനീര്‍. നിലവില്‍ ഹൗസിങ് ബോര്‍ഡ് ചെയര്‍മാനാണ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ചിരുന്നു. എല്ലാ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തുമെന്ന് സുനീർ പ്രതികരിച്ചു.
രാജ്യസഭ സീറ്റിന് വേണ്ടി സിപിഐയും കേരള കോണ്‍ഗ്രസ് എമ്മും കടുംപിടുത്തം പിടിച്ചതോടെ സി.പി.എം വിട്ടുവീഴ്ച ചെയ്യുകയായിരുന്നു. തങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരുന്ന രാജ്യസഭ സീറ്റ് വിട്ടുനല്‍കിയാണ് സി.പി.എം ഇരുപാര്‍ട്ടികളെയും തൃപ്തിപ്പെടുത്തിയത്.