വന്ദേഭാരതിൽ പോസ്റ്റർ ഒട്ടിച്ച ആറുപേരെ തിരിച്ചറിഞ്ഞു
വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഷൊർണൂരിലെത്തിയപ്പോൾ, ട്രെയിനിൽ വി.കെ.ശ്രീകണ്ഠൻ എംപിക്ക് അഭിവാദ്യമർപ്പിച്ചു പോസ്റ്റർ പതിച്ച ആറു പേരെ തിരിച്ചറിഞ്ഞു. അട്ടപ്പാടി പുതൂർ പഞ്ചായത്ത് അംഗം സെന്തിൽ കുമാർ അടക്കം ആറു കോൺഗ്രസ് പ്രവർത്തകരാണ് പോസ്റ്റർ ഒട്ടിച്ചത്. പോസ്റ്റർ പതിപ്പിച്ചത് മനഃപൂർവമല്ലെന്ന് സെന്തിൽ പ്രതികരിച്ചു.
അതേസമയം, പോസ്റ്റർ ഒട്ടിച്ച പ്രവർത്തകരെ താക്കീത് ചെയ്തെന്ന് വി.കെ.ശ്രീകണ്ഠൻ എംപി പറഞ്ഞു. നടപടിയെടുക്കാൻ മാത്രമുള്ള തെറ്റ് പ്രവർത്തകർ ചെയ്തതായി കരുതുന്നില്ല. പോസ്റ്റർ ഒട്ടിക്കാൻ ചുമതലപ്പെടുത്തിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട സൈബർ ആക്രമണത്തിൽ പരാതി നൽകും. ബിജെപിയുടെ പ്രചാരണം രാഷ്ട്രീയമാണെന്നും വി.കെ.ശ്രീകണ്ഠൻ പറഞ്ഞു.
സംഭവത്തിൽ റെയിൽവേ സുരക്ഷാസേന (ആർപിഎഫ്) കേസെടുത്തിരുന്നു. ആർപിഎഫ് ആക്ടിലെ 145സി (യാത്രക്കാരെ ശല്യപ്പെടുത്തുക), 147 (റെയിൽ പരിസരത്ത് അതിക്രമിച്ചു കയറുക), 166 (ട്രെയിനിൽ പോസ്റ്റർ ഒട്ടിക്കുക) തുടങ്ങിയ, ജാമ്യം കിട്ടുന്ന വകുപ്പുകളിലാണു കേസ്. 2000 രൂപ പിഴ ലഭിക്കാവുന്ന കുറ്റമാണ്. ട്രെയിൻ സ്റ്റേഷൻ വിടുന്നതിനു മുൻപ് ആർപിഎഫ് പോസ്റ്ററുകൾ നീക്കം ചെയ്തിരുന്നു.