മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; യൂത്ത് ലീഗ് നാളെ നിയസഭയിലേക്ക് മാർച്ച് നടത്തും
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് നാളെ നിയസഭയിലേക്ക് മാർച്ച് നടത്തുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ അവതരിപ്പിച്ചത് കള്ളക്കണക്കാണ്. വാഗണിൽ കുത്തിനിറയ്ക്കും പോലെയാണ് കുട്ടികളെ ക്ലാസ് മുറിയിൽ നിറയ്ക്കുന്നത്. എംഎസ്എഫ്കാരെ ജയിലിൽ അടച്ചാൽ സമരം അവസാനിക്കില്ലെന്നും പി.കെ ഫിറോസ് തുറന്നടിച്ചു.
മന്ത്രി ഭൂമിയിലേക്ക് ഇറങ്ങി കുട്ടികളുടെ സങ്കടക്കണ്ണീർ കാണണം. വാഗണിൽ കുത്തിനിറയ്ക്കും പോലെയാണ് കുട്ടികളെ ക്ലാസ് മുറിയിൽ നിറച്ച് ബ്രിട്ടീഷുകാരെപ്പോലെയാണ് മന്ത്രി ചെയ്യുന്നത്. പാലക്കാട് മുതൽ കാസർഗോഡ് വരെ ആയിരക്കണക്കിന് കുട്ടികൾക്ക് സീറ്റ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് നിന്ന് പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് ഓപ്പൺ സ്കൂളിൽ പോകുന്നത്. വിദ്യാർത്ഥികളുടെ മുഖത്ത് നോക്കി മന്ത്രി കൊഞ്ഞനം കുത്തുകയാണെന്നും പി.കെ ഫിറോസ് പറഞ്ഞു.
പരിഹാരം കാണും വരെ യൂത്ത് ലീഗ് സമരരംഗത്തുണ്ടാകും. നാളെ 11 മണിക്കാണ് നിയമസഭയിലേക്കുള്ള മാർച്ച്. പി.കെ കുഞ്ഞാലികുട്ടി, പി.എം.എ സലാം, എം.കെ മുനീർ എന്നിവരും സമരത്തിൽ പങ്കെടുക്കും. നാളെയും അനുകൂല മറുപടിയില്ലെങ്കിൽ തുടർ സമരങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുകയുണ്ടായി.