പ്ലസ് വൺ പ്രവേശനം; സമഗ്ര വിലയിരുത്തൽ ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി
പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് ഉടൻ സമഗ്ര വിലയിരുത്തൽ ഉണ്ടാകുമെന്നും ഇത്തവണ പ്ലസ് വൺകാർക്ക് 50 അധിക അധ്യയന ദിവസങ്ങൾ ലഭിക്കുമെന്നും പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഒരു യോഗം കൂടി ചേരുമെന്നു പറഞ്ഞ മന്ത്രി പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് ആർക്കും ആശങ്ക വേണ്ടെന്നും ആവർത്തിച്ച് വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രഖ്യാപിച്ച തീയതിയിൽ തന്നെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാനും പ്രഖ്യാപിച്ച തിയതിയിൽ തന്നെ ക്ലാസ് തുടങ്ങാനും സാധിച്ചു. അതുകൊണ്ട് പ്ലസ് വൺ വിദ്യാർഥികൾക്ക് 50 അധിക അധ്യയന ദിവസങ്ങൾ ലഭിക്കുമെന്നാണ് മന്ത്രി പറയുന്നത്. ഹയർസെക്കന്ററിയിൽ ഇതുവരെ മെറിറ്റ് സീറ്റില്‍ 2,63,380 പേരും സ്പോര്‍ട്സ് ക്വാട്ടയിൽ 4026 പേരും കമ്മ്യൂണിറ്റി ക്വാട്ടയിൽ 19,901 പേരും മാനേജ്മെന്റ് ക്വാട്ടയിൽ 20,431 പേരും അണ്‍ എയ്ഡഡ് ക്വാട്ടയിൽ 12,945 പേരും അടക്കം ആകെ 3,20,683 പേരാണ് പ്രവേശനം നേടിയിട്ടുളളത്. ജൂലൈ 8 മുതൽ 12 വരെയാണ് സപ്ലിമെന്ററി അലോട്ടുമെന്റ് ഒഴിവുകളുടെ അപേക്ഷ സമര്‍പ്പണം.