'മുഖ്യമന്ത്രി ആകാശവാണി, മറുപടിയിയില്ല'; റോഡുകൾ റെഡിയാക്കിയിട്ട് പിഴയീടാക്കൂ': സതീശൻ
എഐ ക്യാമറ വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾ ആവർത്തിച്ച് പ്രതിപക്ഷം. അഴിമതിയാരോപണങ്ങൾ ശക്തമായിട്ടും മുഖ്യമന്ത്രി കാണാമറയത്തിരുന്ന് സംസാരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. ക്യാമറ വിവാദങ്ങളിൽ മുഖ്യമന്ത്രിയാണ് ആരോപണവിധേയൻ. അഴിമതിയാരോപണത്തിൽ മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്. പ്രതിപക്ഷം പുറത്ത് വിട്ട തെളിവുകളെ പുകമറയെന്ന് പറഞ്ഞ് ഒളിച്ചോടുന്ന മുഖ്യമന്ത്രിയുടെ രീതി ശരിയല്ലെന്നും സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി ആകാശവാണിയെ പോലെയാണ് പെരുമാറുന്നത്. അഴിമതിയാരോപണങ്ങളിലും ചോദ്യങ്ങളിലുമൊന്നും മറുപടിയിയില്ല. തുടർ ഭരണം കിട്ടിയെന്ന് കരുതി അഴിമതിയാരോപണം ഇല്ലാതാകുന്നില്ലെന്നും സതീശൻ പറഞ്ഞത്. സംസ്ഥാനത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകളെയും പ്രതിപക്ഷ നേതാവ് പരാമർശിച്ചു. റോഡുകൾ നന്നാക്കിയിട്ട് വേണം പിഴ ഈടാക്കാൻ. ജനങ്ങളുടെ പോക്കറ്റ് അടിക്കാനാണ് ഇടത് സർക്കാർ ശ്രമിക്കുന്നതെന്നും സതീശൻ കുറ്റപ്പെടുത്തി. എല്ലാ പ്രധാനപ്പെട്ട അഴിമതികളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. കഴിഞ്ഞകാലങ്ങളിൽ പ്രതിപക്ഷം ഉന്നയിച്ച അഴിമതികാരോപണങ്ങളിൽപെട്ട പദ്ധതികളും നടപടികളും സർക്കാരിന് ഉപേക്ഷിക്കേണ്ടിവന്നു. പ്രതിപക്ഷം കൊണ്ടുവന്ന രേഖകളുടെ ആധികാരികതയിൽ സർക്കാരിന് സംശയമുണ്ടോയെന്നും സതീശൻ ചോദിച്ചു.