ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം: തിരിച്ചറിയൽ പരേഡിന് അനുമതി
ആലുവയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ തിരിച്ചറിയൽ പരേഡിന് അനുമതി. തിരിച്ചറിയൽ പരേഡ് നടത്തിയതിന് ശേഷം അസ്ഫാക് ആലത്തിനായുള്ള കസ്റ്റഡി അപേക്ഷ അന്വേഷണ സംഘം നൽകും. ആലുവ സബ് ജയിലിൽ റിമാൻഡിലുള്ള അസ്ഫാക് ആലത്തിനെ ആലുവ മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിലാണ് തിരിച്ചറിയൽ പരേഡ് നടത്തുക. ഇതിന് എറണാകുളം സിജെഎം കോടതി അനുമതി നൽകി. കേസിലെ പ്രധാന സാക്ഷികളെ ജയിലിലെത്തിക്കും. തിരിച്ചറിയൽ പരേഡിന് ശേഷം പ്രതിക്കായി എറണാകുളം പോക്സോ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.
മകളെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് കുട്ടിയുടെ അച്ഛന്‍ ആവശ്യപ്പെട്ടു. കൂടുതൽ ആളുകൾക്ക് കേസിൽ പങ്കുള്ളതായി കരുതുന്നു. ഒരു നിമിഷം മാറിനിന്നപ്പോഴാണ് കുട്ടിയെ കാണാതായത്. സർക്കാർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കുട്ടിയുടെ അച്ഛന്‍ കൂട്ടിച്ചേർത്തു. കുട്ടിയുടെ രക്ഷിതാക്കളെ സന്ദർശിച്ച മന്ത്രി വീണാ ജോർജ് കുടുംബത്തിന് സർക്കാരിന്‍റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു. മന്ത്രിയ്ക്ക് പുറമെ ജില്ലാ കലക്ടറും എം.എം മണി എം.എൽ.എയും കുട്ടിയുടെ രക്ഷിതാക്കളെ ആശ്വസിപ്പിച്ചു. കുടുംബത്തെ എല്‍.ഡി.എഫ് കൺവീനർ ഇപി ജയരാജൻ സന്ദർശിച്ചു. വൈകീട്ട് മന്ത്രി പി രാജീവും രക്ഷിതാക്കളെ സന്ദർശിക്കും. കുടുംബത്തിനുള്ള ധനസഹായം ഉടൻ കൈമാറാനാണ് സർക്കാരിന്‍റെ തീരുമാനം.