പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികളുടെ വക്കാലത്ത് അഡ്വ.സി.കെ ശ്രീധരൻ ഏറ്റെടുത്തു
പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വക്കാലത്ത് അഡ്വ. സികെ ശ്രീധരൻ ഏറ്റെടുത്തു. മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ ഉൾപ്പടെയുള്ള ഒൻപത് പ്രതികൾക്ക് വേണ്ടിയാണ് ഇദ്ദേഹം വക്കാലത്ത് ഏറ്റെടുത്തത്. കോൺഗ്രസ് നേതാവായിരുന്ന അഡ്വ. സികെ ശ്രീധരൻ ഈയിടെയാണ് സിപിഎമ്മിൽ ചേർന്നത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും രാഷ്ട്രീയ വൈരാഗ്യം മൂലം സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. ഈ കേസിലാണ് മുൻ കോൺഗ്രസ് നേതാവും പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ സി.കെ ശ്രീധരൻ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത്.
ഒന്നാം പ്രതി പീതാംബർ, രണ്ട് മുതൽ നാല് വരെയുള്ള പ്രതികളായ സജി ജോർജ്, കെഎം സുരേഷ്, കെ അനിൽകുമാർ, പതിമൂന്നാം പ്രതി ബാലകൃഷ്ണൻ, പതിനാലാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമായ കെ.മണികണ്ഠൻ, ഇരുപതാം പ്രതി മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ, 22 ഉം 23 ഉം പ്രതികളായ രാഘവൻ വെളുത്തോളി, കെ.വി ഭാസ്‌ക്കരൻ എന്നിവർക്ക് വേണ്ടിയാണ് സികെ ശ്രീധരൻ വാദിക്കുക.