പത്തനംതിട്ട പീഡന കേസ്: പെൺകുട്ടിയുടെ രഹസ്യ മൊഴിയെടുത്തു; അറസ്റ്റിലായത് 44 പേർ
പത്തനംതിട്ട പീഡന കേസിൽ പെൺകുട്ടിയുടെ രഹസ്യമൊഴിയെടുത്തു. അടൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് മൊഴി രേഖപ്പെടുത്തിയത്. കേസിൽ ഇന്ന് ഒരു പ്രതി കൂടി അറസ്റ്റിലായി. പത്തനംതിട്ട ടൗൺ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഇതോടെ അറസ്റ്റിലായ ആകെ പ്രതികളുടെ എണ്ണം 44 ആയി.
ഇനി 15 പേർ കൂടി പിടിയിലാകാനുണ്ടെന്ന് കേസിൻ്റെ മേൽനോട്ട ചുമതലയുള്ള ഡിഐജി അജിത ബീഗം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പിടിയിലാകാനുള്ളവരിൽ 2 പേർ വിദേശത്താണ്. ഇവർക്കായി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും അന്വേഷണത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അജിത ബീഗം വ്യക്തമാക്കി.
അഞ്ചുവർഷത്തെ പീഡന വിവരങ്ങളായിരുന്നു പെൺകുട്ടി വെളിപ്പെടുത്തിയത്. ചില പ്രതികള വിദേശത്താണ്. ഇതാണ് പൊലീസിന് മുന്നിലെ മറ്റൊരു വെല്ലുവിളി. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. എത്രയും വേഗം മുഴുവൻ പ്രതികളിലേക്കും എത്താനാണ് പൊലീസിന്റെ ശ്രമം.
കേസിന്റെ ഗൗരവം പരിഗണിച്ച് അന്വേഷണ മേൽനോട്ട ചുമതല ഡിഐജി അജിതാ ബീഗത്തിന് സർക്കാർ കൈമാറിയിരുന്നു. പൊതു ഇടങ്ങളിൽ വച്ചാണ് പെൺകുട്ടി കൂടുതലും ചൂഷണത്തിനിരയായത്. പത്തനംതിട്ട ജനറൽ ആശുപത്രി പരിസരത്ത് വെച്ചു പോലും പെൺകുട്ടി കൂട്ട ബലാൽസംഗത്തിന് ഇരയായി എന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നിരുന്നു.