പാറശാല ഷാരോൺ രാജ് വധക്കേസ് ; കേസിൽ അന്തിമ വാദം പൂർത്തിയായി , വിധി തിങ്കളാഴ്ച
തിരുവനന്തപുരം പാറശ്ശാല ഷാരോൺ വധക്കേസിൽ ശിക്ഷാവിധി 20ന്. ശിക്ഷയിൻമേലുള്ള പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങൾക്കുശേഷമാണ് നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി വിധി പറയാൻ മാറ്റിയത്. ഗ്രീഷ്മയ്ക്ക് ചെകുത്താൻ്റെ ചിന്തയാണെന്നും സ്‌നേഹം നടിച്ചാണ് കൃത്യം ചെയ്തതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എന്നാൽ, ഗ്രീഷ്മ പലതവണ ബന്ധം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ഷാരോൺ അനുവദിച്ചില്ലെന്നും ഇതോടെയാണ് കൊലയ്ക്കു നിർബന്ധിതയായതെന്നും പ്രതിഭാഗം വാദിച്ചു. സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ഷാരോൺ ബ്ലാക്ക് മെയിൽ ചെയ്‌തെന്നും ഗ്രീഷ്മയുടെ അഭിഭാഷകൻ ആരോപണമുയർത്തി.
രാവിലെ 11ഓടെയാണ് കോടതിയിൽ അന്തിമവാദം ആരംഭിച്ചത്. ശിക്ഷയെപ്പറ്റി വല്ലതും പറയാനുണ്ടോയെന്ന് ചോദിച്ച് ഗ്രീഷ്മയെ കോടതി ചേംബറിന് അടുത്തേക്ക് വിളിപ്പിക്കുകയായിരുന്നു. പറയാനുള്ളത് ഗ്രീഷ്മ എഴുതിനൽകി. ഗ്രീഷ്മ എഴുതിനൽകിയത് ജഡ്ജി എ.എം ബഷീർ പരിശോധിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രതിയോട് ജഡ്ജി ചോദിച്ചറിഞ്ഞു. ബിരുദ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെ ജഡ്ജിക്കു കൈമാറിയ ഗ്രീഷ്മ തനിക്ക് മറ്റ് ക്രിമിനൽ കേസുകൾ ഒന്നുമില്ലെന്നും പരമാവധി ഇളവുകൾ നൽകണമെന്നും അഭ്യർഥിച്ചു.
എന്നാൽ, കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന നിലപാടിൽ ഉറച്ചുനിന്ന പ്രോസിക്യൂഷൻ, പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒരു യുവാവിനെ മാത്രമല്ല, യഥാർഥ പ്രണയത്തെ കൂടി കൊലപാതകം ചെയ്ത കേസാണിത്. സ്‌നേഹം നടിച്ചു വിളിച്ചുവരുത്തിയാണ് കൊല ചെയ്തത്. ഗ്രീഷ്മയ്ക്ക് ചെകുത്താന്റെ ചിന്തയാണ്. ഒരു തവണ വധശ്രമം പരാജയപ്പെട്ടപ്പോൾ വീണ്ടും വീണ്ടും കൊലപ്പെടുത്താൻ ശ്രമിച്ചു. വ്യക്തമായ ലക്ഷ്യത്തോടെയാണ് പ്രതി തീരുമാനം നടപ്പാക്കിയതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
11 ദിവസം ഷാരോൺ അനുഭവിച്ച വേദന കാണണമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. വിഷം കഴിച്ചപ്പോൾ മുതൽ അനുഭവിച്ച വേദന ഡോക്ടർമാരുടെ മൊഴിയിലുണ്ട്. കൊലപാതകം യാദൃച്ഛികമായി സംഭവിച്ചതല്ല. പദ്ധതി തയാറാക്കി നടപ്പാക്കിയതാണ്. ബിരുദാനന്തര ബിരുദത്തിലെ അറിവ് തെറ്റായി ഉപയോഗിക്കുകയാണ് ചെയ്തത്. ഈ വാർത്ത മലയാളികൾക്ക് മുഴുവൻ നാണക്കേടാണ്. ഒരു ഘട്ടത്തിൽ പോലും ഗ്രീഷ്മയ്ക്കു മനഃസ്താപം ഉണ്ടായിട്ടില്ല. കൊലപാതകം കേട്ട് എല്ലാവരും ഞെട്ടി. മനഃസ്സാക്ഷിയുള്ള സമൂഹം ഞെട്ടിയ സംഭവമാണിതെന്നും വധശിക്ഷ തന്നെ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
ഇതിനു ശേഷമായിരുന്നു പ്രതിഭാഗം വാദം ആരംഭിച്ചത്. കേസിൽ സാഹചര്യത്തെളിവുകൾ മാത്രമാണുള്ളതെന്നും പ്രതിക്ക് സാമൂഹ്യവിരുദ്ധ സ്വഭാവമില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. വധശിക്ഷ നൽകാൻ കഴിയില്ലെന്നും അഭിഭാഷകർ പറഞ്ഞു. ഗ്രീഷ്മയ്ക്ക് ആത്മഹത്യാ പ്രവണതയുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടി. ഷാരോണുമായുള്ള ബന്ധത്തിൽനിന്ന് പുറത്തിറങ്ങാൻ ഗ്രീഷ്മ പലതരത്തിലും ശ്രമിച്ചു. കിടപ്പുമുറിയിലെ കട്ടിലിൽ ഇരുന്ന് ഇരുവരും തമ്മിലുള്ള ഫോട്ടോ ഷാരോൺ എടുത്തത് എന്തിനാണെന്ന് ചോദ്യമുയർത്തിയ പ്രതിഭാഗം, ഈ ബന്ധത്തിൽനിന്ന് ഗ്രീഷ്മയെ പുറത്തുവിടാൻ ഷാരോൺ തയാറായിരുന്നില്ലെന്നും വാദിച്ചു.
ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ഷാരോൺ ബ്ലാക്ക്‌മെയിൽ ചെയ്തുവെന്നും പ്രതിഭാഗം ആരോപിച്ചു. വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ഫോട്ടോയെടുത്ത് സൂക്ഷിച്ചു. തനിക്ക് കിട്ടാത്തത് വേറെ ആർക്കും കിട്ടരുതെന്ന് ഷാരോൺ തീരുമാനിച്ചിരുന്നു. ഒരു സ്ത്രീക്ക് സഹിക്കാവുന്നതിലും അപ്പുറവും ആയിരുന്നു ഷാരോണിന്റെ പെരുമാറ്റം. അതുകൊണ്ടാണ് ഗ്രീഷ്മ കുറ്റം ചെയ്തുപോയത്. അത് നേരത്തെ തയാറാക്കിയതായിരുന്നില്ല. വീട്ടിലെത്തി ആത്മഹത്യ ചെയ്യാൻ ഷാരോൺ ഉറപ്പിച്ചിരുന്നും യുവാവിനു സാമൂഹ്യവിരുദ്ധ പശ്ചാത്തലമുണ്ടെന്നും പ്രതിഭാഗം ആരോപിച്ചു.
പരമാവധി നൽകാൻ കഴിയുന്ന ശിക്ഷ ജീവപര്യന്തമാണെന്നും പ്രതിഭാഗം സൂചിപ്പിച്ചു. ഇത് 10 വർഷമായി കുറയ്‌ക്കേണ്ട ഇളവ് ഈ സംഭവത്തിലുണ്ട്. സാഹചര്യത്തെളിവുകൾ അടിസ്ഥാനമായുള്ള കേസുകളിൽ ഉന്നത കോടതികളുടെ ഉത്തരവ് പരിശോധിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. സാഹചര്യത്തെളിവുകൾ പരിഗണിച്ചും ശിക്ഷിച്ചിട്ടുണ്ടെന്നു കോടതി ഇടപെട്ടു. പ്രതിയെ മാനസാന്തരപ്പെടുത്തി പുനരധിവാസം ഉറപ്പാക്കേണ്ടത് കൂടി സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു.