പാനൂർ ബോംബ് സ്ഫോടനം; ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ
പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ സി.പി.എം. പ്രവർത്തകൻ മരിച്ച കേസിൽ മുഴുവൻ പ്രതികളും പിടിയിലായി. സ്ഫോടനം നടന്നയുടനെ ഒളിവിൽപ്പോയ മുഖ്യസൂത്രധാരൻ ഡി.വൈ.എഫ്.ഐ. കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാൽ (31), കെ. അക്ഷയ് (29) എന്നിവരെയാണ് അന്വേഷണച്ചുമതലയുള്ള കൂത്തുപറമ്പ് എ.സി.പി. കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. തമിഴ്നാട്ടിലെ ഉദുമൽപേട്ടയിൽ ഒളിവിൽ കഴിയുകയായിരുന്നു ഇരുവരും. ഇവരുടെ അറസ്റ്റ് ചൊവ്വാഴ്ച രേഖപ്പെടുത്തും. ഇതോടെ സ്ഫോടനക്കേസിൽ മുഴുവൻ പ്രതികളെയും പിടികൂടി.
സ്ഫോടനത്തിൽ മരിച്ച എലിക്കൊത്തന്റവിട ഷരിൽ (31) ഉൾപ്പെടെ 12 പ്രതികളാണുള്ളത്. ഷരിലാണ് ഒന്നാംപ്രതി. അടുപ്പ് കൂട്ടിയപറമ്പത്ത് സബിൻ ലാൽ (25), കുന്നോത്തുപറമ്പ് കിഴക്കയിൽ കെ. അതുൽ (28), ചെണ്ടയാട് പാടാൻതാഴെ ഉറവുള്ളക്കണ്ടിയിൽ അരുൺ (28), മീത്തലെ കുന്നോത്തുപറമ്പ് ചിറക്കണ്ടിമ്മൽ സി. സായൂജ് (24), മുളിയാത്തോട് കെ. മിഥുൻ (27), കുന്നോത്തുപറമ്പത്ത് അമൽ ബാബു (29) എന്നിവർ നേരത്തേ അറസ്റ്റിലായി.
വലിയപറമ്പത്ത് വി.പി. വിനീഷ് (37), ചിറക്കരണ്ടിമ്മൽ വിനോദൻ (38), പാറാട് പുത്തൂരിൽ കല്ലായിന്റവിടെ അശ്വന്ത് (എൽദോ-26) എന്നിവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ആശുപത്രിയിൽനിന്നു പുറത്തിറങ്ങുന്നതോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു.