പാനൂർ സ്ഫോടനം; സിപിഎമ്മിന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ
പാനൂർ സ്ഫോടനത്തിൽ നിന്ന് സിപിഎമ്മിന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ആഭ്യന്തരവകുപ്പിന്റെ ചുമതലയിൽ ഇരുന്നുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘‘ബോംബുണ്ടാക്കിയത് സിപിഎമ്മുകാർ, ബോംബ് പൊട്ടി പരുക്കേറ്റത് സിപിഎമ്മുകാരന്, പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത് സിപിഎമ്മുകാരൻ, മരിച്ചവരുടെ സംസ്കാരത്തിൽ പോയത് സിപിഎം നേതാക്കൾ. പാനൂർ സ്ഫോടനക്കേസിൽ നിന്ന് എങ്ങനെ സിപിഎമ്മിന് ഒഴിഞ്ഞുമാറാൻ സാധിക്കും? തിരഞ്ഞെടുപ്പ് ആയതുകൊണ്ട് തങ്ങൾക്കിതിൽ ബന്ധമില്ലെന്ന് അവർക്ക് പറയാം’’. സതീശൻ പറഞ്ഞു.
ആർഎസ്എസുമായി സിപിഎം ധാരണയായിട്ടുണ്ട്. അതുകൊണ്ട് യുഡിഎഫുകാരെ കൊല്ലാൻ ഉണ്ടാക്കിയ ബോംബാണോ ഇതെന്ന് മാത്രമേ അറിയാൻ ബാക്കിയുള്ളൂ. ആഭ്യന്തര വകുപ്പിന്റെ ചമുതലയിൽ ഇരുന്നുകൊണ്ട് ഇത്തരം അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. നാട്ടിലെ ക്രിമിനലുകളെ മുഴുവൻ പ്രോത്സാഹിപ്പിക്കുന്ന ആളാണ് മുഖ്യമന്ത്രി. ഒരുസീറ്റിലും ജയിക്കില്ലെന്ന് ഉറപ്പുള്ള സിപിഎം ഒരു സീറ്റിലെങ്കിലും ജയിക്കാൻ വേണ്ടിയാണ് ബിജെപിയുമായി ധാരണ ഉണ്ടാക്കിയിരിക്കുന്നതെന്നും സതീശൻ ആരോപിച്ചു.