കൊഴിഞ്ഞുപോക്ക് തുടരുന്നു; പാലക്കാട് സിപിഎം പഴഞ്ചേരി നോർത്ത് ബ്രാഞ്ച് അംഗം പാര്‍ട്ടിവിട്ടു
പാലക്കാട് സിപിഎമ്മിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. സിപിഎം പഴഞ്ചേരി നോർത്ത് ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ കാരക്കാട് മേഖലാ ജോയിൻ സെക്രട്ടറിയുമായ മുസ്തഫ വരമംഗലമാണ് പാര്‍ട്ടി വിട്ടത്. അതേസമയം കഴിഞ്ഞ ദിവസം തേങ്കുറുശ്ശിയിൽ പാര്‍ട്ടിവിട്ട സിപിഎം കുഴൽമന്ദം മുൻ ഏരിയ കമ്മിറ്റി അംഗമുൾപ്പെടെ പത്തോളം പേര്‍ക്ക് കോൺഗ്രസ് സ്വീകരണം നൽകി.
ഏരിയ സമ്മേളനങ്ങൾ ഏറെക്കുറെ പൂര്‍ത്തിയായി, ജില്ലാ സമ്മേളനത്തിന് ഒരുക്കങ്ങൾ തുടങ്ങി. ഇതിനിടയിലാണ് പാലക്കാട്ടെ സിപിഎമ്മിലെ കൊഴിഞ്ഞുപോക്ക് തുടരുന്നത്. ഇടമില്ലാത്തിടത്ത് ഇനിയില്ലെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടാണ് പാര്‍ട്ടി അംഗവും ഡിവൈഎഫ്ഐ നേതാവും മുസ്തഫ പാര്‍ട്ടി വിട്ടത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഓങ്ങല്ലൂര്‍ 13-ാം വാ൪ഡിൽ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ മുസ്തഫ ജനവിധിയും തേടിയിരുന്നു. പാര്‍ട്ടിയിലെ ഏകാധിപത്യ നിലപാടിൽ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്നാണ് വിശദീകരണം. പിവി അൻവറുമായി ചര്‍ച്ച നടത്തിയെന്നും തനിക്കൊപ്പം കൂടുതൽ പേരുണ്ടെന്നുമാണ് അവകാശവാദം.
അതേസമയം തേങ്കുറുശ്ശിയിൽ പ്രാദേശിക വിഭാഗീയതയെ തുടര്‍ന്ന് പാ൪ട്ടി വിട്ട സിപിഎം പ്രവര്‍ത്തകര്‍ക്ക് കോൺഗ്രസ് സ്വീകരണം നൽകി. ഇതെല്ലാം മാറ്റത്തിൻ്റെ സൂചനയെന്ന് സന്ദീപ് വാര്യര്‍ പ്രതികരിച്ചു. കുഴൽമന്ദം മുൻ ഏരിയാ കമ്മറ്റി അംഗം എം വിജയൻ, മഞ്ഞളൂര്‍ ലോക്കൽ കമ്മിറ്റി മുൻ അംഗം സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്ന വി വിജയൻ, ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളായ ബി രാഹുൽ, സതീഷ് കുമാ൪ തുടങ്ങി പത്തോളം പ്രവര്‍ത്തകരാണ് സിപിഎം വിട്ട് കോൺഗ്രസിലെത്തിയത്.