രാഹുൽ മാങ്കൂട്ടത്തിനെ പാലക്കാട്ടെ ജനങ്ങൾ ഏറ്റെടുത്തു; യുഡിഎഫിന്റെ ഡീൽ ജനങ്ങളുമായിട്ടാണ്: ഷാഫി പറമ്പിൽ എം.പി
കേരളം മുഴുവൻ ആഗ്രഹിക്കുന്ന തിരഞ്ഞെടുപ്പ് ഫലമായിരിക്കും പാലക്കാട് ഉണ്ടാവുകയെന്ന് ഷാഫി പറമ്പിൽ എം.പി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള എതിർപ്പ് യു.ഡി.എഫിന് ഗുണം ചെയ്യുമെന്നും ഷാഫി പറഞ്ഞു. പാലക്കാട് മണ്ഡലത്തിൽ ഏറ്റവും വിജയസാധ്യതയുള്ള മുന്നണിയും സ്ഥാനാർഥിയും യു.ഡി.എഫിന്റേതാണ്. ഈ നിയോജക മണ്ഡലത്തിന്റെ രാഷ്ട്രീയ കാലാവസ്ഥ അനുസരിച്ച് ബി.ജെ.പി.പോലുള്ള ശക്തികളെ പരാജയപ്പെടുത്താൻ സാധ്യതയുള്ള ഏകമുന്നണി യു.ഡി.എഫ് ആണെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിന്റെ ഡീൽ ജനങ്ങളുമായിട്ടാണ്. ഏതെങ്കിലും രാഷ്ട്രിയ പാർട്ടിയുമായി ഡീൽ ഉണ്ടാക്കിയിട്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതല്ല ഞങ്ങളുടെ രീതി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ കാലാവസ്ഥ ഞങ്ങൾക്ക് അനുകൂലമായിരുന്നില്ല. പാലക്കാട് ജില്ലയിൽ ഒരു സീറ്റാണ് കോൺഗ്രസിന് കിട്ടിയത്. മെട്രോമാനെ പോലെയുള്ള സ്ഥാനാർഥിയെ എത്തിച്ച് പ്രധാനമന്ത്രി ഉൾപ്പെടെ ബി.ജെ.പിയുടെ പ്രചരണ സംവിധാനങ്ങൾ മുഴുവൻ ഉപയോഗപ്പെടുത്തിയിട്ടും 3859 വോട്ടുകൾക്ക് ജയിച്ചത് പതിനായിരത്തെക്കാൾ വലുതായി കണുന്നു.
2021-ലെ രാഷ്ട്രീയ കാലാവസ്ഥമാറി. പൊളിറ്റിക്കലി സാഹചര്യങ്ങൾ ഞങ്ങൾക്ക് അനുകൂലമാണ്. കേന്ദ്ര-സംസ്ഥാന ഭരണങ്ങളോടുള്ള പ്രതികരണത്തിൽ ഞങ്ങൾ പ്രതിസ്ഥാനത്തല്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒരു കാര്യത്തിന്റെയും സ്‌പോൺസർഷിപ്പ് ഞങ്ങൾക്കിപ്പോഴില്ല. ഇത് മാത്രമല്ല, സ്ഥാനാർഥിക്ക് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. വാർത്തകളും വിവാദങ്ങളം ഒരു വശത്തുകൂടി പോകുമ്പോഴും ഗ്രൗണ്ട് ലെവലിൽ മികച്ച അംഗീകാരമാണ് ലഭിക്കുന്നത്- ഷാഫി പറഞ്ഞു.
ജനങ്ങളുടെ മനസിൽ ഒന്നാം സ്ഥാനത്താണെന്ന് ആളുകളുടെ പ്രതികരണത്തിൽ നിന്ന് മനസിലാക്കാൻ പറ്റുന്നുണ്ടെന്നും ഷാഫി വ്യക്തമാക്കി. കോൺഗ്രസിൽ നിന്ന് പുറത്തുവന്ന് നടത്തുന്ന വിവാദങ്ങൾ അവർക്ക് വാർത്തകളിൽ ഇടംകിട്ടും. പക്ഷെ, മുന്നണിയിൽ പൊട്ടിത്തെറിയുണ്ടാക്കുന്ന പ്രശ്‌നങ്ങളൊന്നുമില്ല. എന്നാൽ, മറ്റ് രണ്ടുമുന്നണിയിലെ കാര്യങ്ങൾ ഇങ്ങനെയല്ല. എൽ.ഡി.എഫിലെ സ്ഥാനാർഥി നിർണയം ആ പാർട്ടിയിലെ മുഴുവൻ ആളുകളും ഒരുമനസോടെ അംഗീകരിച്ചെന്ന് എത്ര ക്ലെയിം ചെയ്താലും യഥാർഥ്യം അതല്ല. ചിഹ്നം പോലും ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യം വർഷങ്ങളായി പാർട്ടിയിൽ പ്രവർത്തിക്കുന്ന ആളുകളെ സന്തോഷിപ്പിക്കുമെന്ന് കരുതുന്നുണ്ടോ എന്നും ഷാഫി ചോദിക്കുന്നു.
ബി.ജെ.പിയിലും ഫ്‌ളെക്‌സ് വെച്ചത്, അത് കത്തിച്ചത്, ബി.ജെ.പിയുടെ ഉപാധ്യക്ഷൻ പരസ്യമായി പറഞ്ഞ കാര്യങ്ങൾ, റോഡ്‌ഷോയിൽ നിന്ന് കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ വിട്ടുനിന്നത് അങ്ങനെ എന്തൊക്കെ പ്രശ്‌നങ്ങളാണ് ഉള്ളതെന്നും ഷാഫി ചോദിച്ചു. ഞങ്ങളുടെ ഉള്ളിലുണ്ടായിരുന്ന പ്രശ്‌നങ്ങൾ തുടക്കത്തിൽ തന്നെ മറികടന്നിട്ടുണ്ട്. ബി.ജെ.പിക്ക് പൂരം കലക്കാൻ സഹായിച്ചതിൽ സാധാരണ പ്രവർത്തകർക്ക് പ്രതിഷേധം ഉണ്ടാകില്ലേയെന്നും ഇങ്ങനെ നിരവധി നിഷേധവോട്ടുകളും തങ്ങൾക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിനെ പാലക്കാട്ടെ ജനങ്ങൾ ഏറ്റെടുത്തിട്ടുണ്ടെന്നും ഷാഫി പറഞ്ഞു. രാഹുലുമായി പ്രചരണത്തിന് പോകുമ്പോൾ അത് മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. നിങ്ങൾ പോയപ്പോൾ വിഷമമുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ അത് മാറി, ഞങ്ങൾക്ക് നല്ലൊരു സ്ഥാനാർഥിയെ കിട്ടിയെന്നാണ് മണ്ഡലത്തിലെ ജനങ്ങൾ പറയുന്നത്. ആളുകൾ അത്രയ്ക്ക് രാഹുലിനെ ഇഷ്ടപ്പെട്ട് തുടങ്ങിയെന്നും ഷാഫി അഭിപ്രായപ്പെട്ടു.