പത്മജയുടെ ബിജെപി പ്രവേശനം മോദിയുടെ അറിവോടെ; കോൺഗ്രസിന് ഒരു ക്ഷീണവുമുണ്ടാകില്ലെന്ന് മുരളീധരൻ
മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ മകൾ പദ്മജ വേണുഗോപാൽ ബിജെപിയിൽ ചേരും. ഡൽഹിയിലെത്തിയ പദ്മജ ബിജെപി ദേശീയ നേതാക്കളുമായി ചർച്ച നടത്തുമെന്നാണു വിവരം. തുടർച്ചയായി കോൺഗ്രസ് നേതൃത്വം അവഗണിച്ചതാണു തീരുമാനത്തിനു പിന്നിലെന്നു പദ്മജ അടുത്ത സുഹൃത്തുക്കളെ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവോടെയാണ് പദ്മജ ബിജെപിയിലേക്ക് എത്തുന്നതെന്നാണു സൂചന. ഇന്ന് ഉച്ചയ്ക്ക് മുൻപ് പദ്മജ ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കുമെന്നാണു വിവരം.
വാഗ്ദാനം ചെയ്തിരുന്ന രാജ്യസഭാ സീറ്റ് നൽകാത്തതും തന്നേക്കാൾ ജൂനിയറായവരെ രാജ്യസഭയിലേക്ക് അയച്ചതുമാണു പദ്മജയെ ചൊടിപ്പിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെ പ്രിയങ്ക ഗാന്ധിയുടെ വാഹനത്തിൽ പദ്മജ കയറുന്നതു ജില്ലാ നേതാക്കൾ തടഞ്ഞതോടെയാണു പ്രശ്‌നം തുടങ്ങിയത്. കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൃശൂർ മണ്ഡലത്തിൽ പദ്മജ മത്സരിച്ചെങ്കിലും വിജയിച്ചില്ല.
പാർട്ടി വിടുന്നതു സംബന്ധിച്ച് ഒരു സൂചനയും പത്മജ തനിക്കു നൽകിയിട്ടില്ലെന്നും ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും സഹോദരൻ കൂടിയായ കെ.മുരളീധരൻ എംപി പറഞ്ഞു. ഇന്നലെ മുതൽ പത്മജ തന്നെ ഫോണിൽ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും അവർ പോയാൽ കോൺഗ്രസിന് ഒരു ക്ഷീണവുമുണ്ടാകില്ലെന്നും മുരളീധരൻ പ്രതികരിച്ചു.