'വയനാട് ഉപതിരഞ്ഞെടുപ്പിൽ ചിലപ്പോൾ മുന്നേറ്റമുണ്ടാക്കും': പാർട്ടി തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് ഒ.ആർ.കേളു
പാർട്ടി തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് ഒ.ആർ.കേളു. ഉത്തരവാദിത്തമുള്ള കാര്യമാണ്. വയനാട്ടിൽ ആദിവാസി വിഭാഗങ്ങളുടെ പ്രശ്‌നങ്ങളും വന്യജീവി വിഷയവുമാണ് പ്രധാന വിഷയം. കേരളത്തിലെ ആദിവാസികൾ അഭിമുഖീകരിക്കുന്ന പൊതു വിഷയങ്ങളുമുണ്ടെന്നും ഒ.ആർ. കേളു പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം പിന്നോട്ടുപോയി. വരുന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് ചിലപ്പോൾ മുന്നേറ്റമുണ്ടാക്കും. തനിക്ക് പരിചയക്കുറവുണ്ട്. പാർലമെന്ററി കാര്യ വകുപ്പിൽ പരിചയമുള്ള ആൾക്കാർ വരണം. അതാണ് ശരി. ആദിവാസി മേഖലയെപ്പറ്റി കൃത്യമായ വ്യക്തതയുണ്ട്. എംഎൽഎ ഫണ്ടിൽനിന്നും 2 കോടി രൂപ വന്യജീവി പ്രതിരോധത്തിനു നൽകിയിട്ടുണ്ടെന്നും കേളു പറഞ്ഞു.
വയനാട് ജില്ലയ്ക്ക് ആദ്യമായാണ് പിണറായി മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കുന്നത്. ഒന്നാം പിണറായി മന്ത്രിസഭയിലും വയനാട്ടിൽനിന്നു മന്ത്രിമാരുണ്ടായിരുന്നില്ല. പി.കെ.ജയലക്ഷ്മിക്കു ശേഷം ആദിവാസി വിഭാഗത്തിൽനിന്നു സംസ്ഥാന മന്ത്രിസഭയിലേക്കെത്തുന്ന ജനപ്രതിനിധിയാണ് കേളു.