ടി.പി വധക്കേസിലെ 4 പേർക്ക് ശിക്ഷായിളവ് നൽകാൻ നീക്കം; പ്രതിപക്ഷം നടുത്തളത്തിൽ
ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാൻ നടന്ന നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയുടെ നടുത്തളത്തിലിറങ്ങി. കേസിൽ ശിക്ഷ അനുഭവിക്കുന്ന നാല് പേർക്ക് ശിക്ഷായിളവ് നൽകാനാണ് നീക്കം നടന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപ്പട്ടികയിലുള്ള, മുൻ ബ്രാഞ്ച് സെക്രട്ടറി മനോജിൻറെ ശിക്ഷായിളവിനും ശുപാർശ ഉണ്ടായെന്നാണ് വി.ഡി സതീശൻ നിയമസഭയിൽ ആരോപിച്ചത്.
വിവാദത്തിന് ശേഷവും ഇളവിനുള്ള പൊലീസ് നീക്കും ഉണ്ടായിയെന്നും, മനോജിന് ശിക്ഷായിളവ് നൽകുന്നതിൻറെ ഭാഗമായി പൊലീസ് ഇന്നലെ കെ.കെ രമയുടെ അഭിപ്രായം തേടിയെന്നും സതീശൻ പറഞ്ഞു. എന്നാൽ പ്രതിപക്ഷം ജനങ്ങൾക്കിടയിൽ തെറ്റിദ്ധരണയുണ്ടാക്കുന്നുവെന്നാണ് മറുപടി നൽകിയ മന്ത്രി എം ബി രാജേഷ് പറഞ്ഞത്. പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി നൽകുകയായിരുന്നു എം.ബി രാജേഷ്.
ടിപി കേസിലെ പ്രതികൾക്ക് ഒരു കാരണവശാലും ശിക്ഷായിളവ് നൽകില്ലെന്ന് സർക്കാരിന്റെ ഉറപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇന്നലെ വൈകുന്നേരം വരെ പ്രതികൾക്ക് ശിക്ഷാ ഇളവിന് സർക്കാർ ശ്രമിച്ചെന്ന് വി ഡി സതീശൻ ആരോപിച്ചു. കൊളവല്ലൂർ പൊലീസ് ഇന്നലെ വൈകീട്ട് പൊലീസ് കെ.കെ രമയുടെ മൊഴിയെടുക്കാൻ വിളിച്ചു. മനോജിന് ശിക്ഷായിളവ് നൽകുന്നതിൻറെ ഭാഗമായിട്ടായിരുന്നു കെ.കെ രമയുടെ അഭിപ്രായം തേടിയത്. സർക്കാരിന് നാണമുണ്ടോ എന്നും പ്രതിപക്ഷ നേതാവ് നിയമസഭയിൽ ചോദിച്ചു.
അതേസമയം, പുതുക്കിയ ശിക്ഷായിളവ് പട്ടിക സർക്കാരിന്റെ പരിഗണനക്ക് എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി എം.ബി രാജേഷ് മറുപടി പറയുന്നു. പട്ടിക ലഭ്യമാക്കിയത് ജയിൽ മേധാവിക്കാണ്. അനർഹർ പട്ടികയിൽ ഉൾപ്പെട്ടതിനാൽ പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടു. മാധ്യമ വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ സർക്കാർ ഇടപെട്ടുവെന്നും എം.ബി രാജേഷ് പറഞ്ഞു.