മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്; ഓഫീസ് നിയന്ത്രിക്കുന്നത് ഉപചാപക സംഘമെന്നും വിമർശനം
മുഖ്യമന്ത്രിയുടെ ഓഫീസിനെ ശക്തമായ ഭാഷയിൽ വിമർശിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഭരണഘടനാ അതീതമായ ശക്തികള്‍ പ്രവര്‍ത്തിച്ച് സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ഇടപെടുന്നെന്ന ഗുരുതരമായ ആരോപണമാണ് സംസ്ഥാനത്തെ ഒരു ഐ ജി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഉന്നയിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു സംഘം കുറെക്കാലമായി ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍റെ സത്യവാങ്മൂലം. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപചാപകസംഘത്തിന് നേതൃത്വം നല്‍കിയത്. ആ ഉപചാപകസംഘത്തിന്‍റെ നേതാവ് ഇപ്പോള്‍ ജയിലിലാണ്. ഇപ്പോള്‍ ആള് മാറിയെന്നേയുള്ളൂ. ആഭ്യന്തര വകുപ്പ് ഉപചാപക സംഘത്തിന്‍റെ കയ്യിലാണ്. അവരാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആലപ്പുഴയിലും തൃശൂരിലും അറിയപ്പെടുന്ന സി.പി.എം നേതാക്കള്‍ അപമാനിച്ചെന്ന് സ്ത്രീകള്‍ പരാതി നല്‍കിയിട്ടും പാര്‍ട്ടി തന്നെ അത് പരിഹരിക്കുകയാണ്. പരാതി ലഭിച്ചാല്‍ മുഖ്യമന്ത്രിയും പാര്‍ട്ടി നേതാക്കളും അത് പൊലീസിന് കൈമാറണം. എന്നാല്‍ അതിന് തയാറാകാതെ രഹസ്യമായി ഒതുക്കിത്തീര്‍ക്കുകയാണ്. സിപിഎമ്മില്‍ സ്ത്രീകള്‍ പോലും അധിക്ഷേപിക്കപ്പെടുകയാണ്. സിപിഎമ്മിന്‍റെ കേസുകള്‍ പാര്‍ട്ടി കമ്മീഷന്‍ തീര്‍ത്താല്‍ മതിയോ എന്നും ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന സംഭവങ്ങള്‍ മറ്റൊരു രൂപത്തില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തും നടക്കുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു.