ഓപ്പറേഷൻ സരൾ രാസ്ത ത്രീ: സംസ്ഥാനത്തെ റോഡുകളിൽ വിജിലൻസ് മിന്നൽ പരിശോധന
സംസ്ഥാനത്തെ റോഡുകളിൽ വീണ്ടും വിജിലൻസിന്റെ മിന്നൽ പരിശോധന. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ നിർമ്മിക്കുന്ന റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാനായിരുന്നു സംഘം മിന്നൽ പരിശോധന നടത്തിയത്. വിജിലൻസ് ഡയറക്ടർ ശ്രീ മനോജ് എബ്രഹാം ഐ.പി.എസ്സിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മിന്നൽ പരിശോധന നടത്തിയത്.
റോഡുകൾ പൊട്ടിപ്പൊളിയുന്നതും റോഡപകടങ്ങൾ വർധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് വിജിലൻസിന്റെ പരിശോധന. ഓപ്പറേഷൻ സരൾ രാസ്ത ത്രീ എന്ന പേരിലാണ് രാവിലെ പത്തര മുതൽ വിവിധ ഇടങ്ങളിൽ പരിശോധന ആരംഭിച്ചത്. പരിശോധനയിൽ 84 പിഡബ്ല്യുഡി റോഡുകളും 23 എൽ.എസ്.ജി.ഡി റോഡുകളും ഉൾപ്പെടെ 107 റോഡുകളുടെ സാമ്പിൾ കളക്ട് ചെയ്തിരുന്നു. പ്രസ്തുത സാമ്പിളുകളുടെ പരിശോധനാ റിപ്പോർട്ടുകൾ ഈ മാസം ലഭിക്കുന്നതിനുള്ള നടപടികൾ വിജിലൻസ് സ്വീകരിച്ചു വരുന്നുവെന്നും പ്രസ്തുത റിപ്പോർട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം ആരംഭിക്കുമെന്നും വിജിലൻസ് ഡയറക്ടർ മനോജ്ബ്രഹാം ഐപിഎസ് അറിയിച്ചു.
ഇന്നലെ സംസ്ഥാനമൊട്ടാകെ 148 റോഡുകളിലാണ് മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൂർത്തികരിച്ച 115 റോഡുകളും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് പൂർത്തികരിച്ച 24 റോഡുകളും കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്റ്റ് പൂർത്തികരിച്ച 9 റോഡുകളും പരിശോധനയ്ക്ക് വിധേയമാക്കി. തിരുവനന്തപുരത്ത് നാല്പതും കൊല്ലത്ത് ഇരുപത്തിയേഴും കണ്ണൂർ ഇരുപത്തി മൂന്നും കോട്ടയം, എറണാകുളം, കാസർകോഡ് ജില്ലകളിൽ 6 വീതവും പത്തനംതിട്ട, കോഴിക്കോട് എന്നിവിടങ്ങളിൽ 5 വീതവും പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിൽ 4 വീതവും ആലപ്പുഴ, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ മൂന്ന് വീതവും റോഡുകളും ഇന്നലെ പരിശോധനയ്ക്ക് വിധേയമാക്കി.
67 റോഡുകൾ നിർമ്മാണം പൂർത്തിയാക്കി മാസങ്ങൾക്കകം തന്നെ ചെറിയ കുഴികൾ രൂപപ്പെട്ട നിലയിലാണെന്ന് വിജിലൻസ് കണ്ടെത്തി. തിരുവനന്തപുരം- 18, കൊല്ലം -10, പത്തനംതിട്ട-6,കോട്ടയം, കണ്ണൂർ, കാസർകോഡ്, പാലക്കാട് ജില്ലകളിൽ 4 വീതവും ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ 3 വീതവും ഇടുക്കിയിൽ 2-ഉം മലപ്പുറത്ത് 1 വീതവും റോഡുകളാണ് ചെറിയ ചെറിയ കുഴികൾ രൂപപ്പെട്ടതായി വിജിലൻസ് പ്രാഥമികമായി കണ്ടെത്തിയത്. കൂടാതെ 19 റോഡുകളിൽ നിശ്ചിത അളവിനേക്കാൾ കുറഞ്ഞ കനത്തിലാണ് ടാർ ഉപയോഗിച്ചിട്ടുള്ളതെന്നും വിജിലൻസ് കണ്ടെത്തി.
ഇന്നലെ നടന്ന മിന്നൽ പരിശോധനാ വേളയിൽ റോഡുകളിൽ നിന്നും കോർ കട്ട് മുഖേന ശേഖരിച്ച സാമ്പിളുകൾ ലാബുകളിലയച്ച് നിർമ്മാണത്തിനായി ഉപയോഗിച്ച, ടാർ, മെറ്റൽ, സാൻഡ്, ചിപ്സ് തുടങ്ങിയവയുടെ അനുപാതം കണ്ടെത്തി വിശദമായ ഗുണപരിശോധന നടത്തുമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ മനോജ് എബ്രഹാം ഐ.പി.എസ് അറിയിച്ചു.