നഴ്സിങ് കോളേജുകളുടെ തട്ടിപ്പ്; സർട്ടിഫിക്കറ്റ് തിരികെ കിട്ടാതെ വിദ്യാർഥികൾ
കര്‍ണാടകയില്‍ നഴ്‌സിങ് കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത കോളേജുകളിലും മറ്റുമായി അഡ്മിഷനെടുത്ത നൂറിലധികം മലയാളി വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനം വഴിമുട്ടി. കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നായി ഏജന്‍സികള്‍ മുഖേനയും നേരിട്ടും കര്‍ണാടകയിലെ ചില കോളേജുകളില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികളാണ് ദുരിതത്തിലായത്.
2023 ഒക്ടോബറില്‍ അഡ്മിഷന്‍ നേടിയ വിദ്യാര്‍ഥികള്‍ ഒരു സെമസ്റ്റര്‍ പഠനം പൂര്‍ത്തിയാക്കിയപ്പോഴാണ് കോളേജിന് നഴ്‌സിങ് കൗണ്‍സിലിന്റെ അംഗീകാരമില്ലെന്ന് അറിയുന്നത്. നിശ്ചിത മാനദണ്ഡങ്ങള്‍ ഇല്ലാത്തതിനാല്‍ പല കോളേജുകളുടേയും അംഗീകാരം ഐ.എന്‍.സി (ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍) പിന്‍വലിച്ചിരുന്നു. ഇത് മറച്ചുവെച്ചാണ് ചില ഏജന്‍സികള്‍ വിദ്യാര്‍ഥികളെ തട്ടിപ്പിനിരയാക്കിയത്.
ഐ.എന്‍. സി. അംഗീകാരമില്ലെന്നറിഞ്ഞതോടെ നിരവധി വിദ്യാര്‍ഥികള്‍ പഠനം നിര്‍ത്തി. എന്നാല്‍, സര്‍ട്ടിഫിക്കറ്റ് തിരികെ നല്‍കണമെങ്കില്‍ കോഴ്‌സിന്റെ മുഴുവന്‍ ഫീസും അടയ്ക്കണമെന്നാണ് കോളേജധികൃതര്‍ പറയുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിക്കാന്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിദ്യാര്‍ഥികള്‍.
തട്ടിപ്പ് പലവിധം
തിരുവനന്തപുരം സ്വദേശിയായ ഒരു വിദ്യാര്‍ഥി ശങ്കരഘട്ട എന്ന സ്ഥലത്തെ 'ശ്രീലക്ഷ്മി'എന്ന കോളേജില്‍ അതീഷ് എന്ന വ്യക്തി മുഖേന 2023 ഒക്ടോബറില്‍ അഡ്മിഷന്‍ നേടി. എന്നാല്‍, പിന്നീട് വിദ്യാഭ്യാസ വായ്പയുടെ ആവശ്യത്തിനായി അന്വേഷിച്ചപ്പോഴാണ് കോളേജിന് ഐ.എന്‍.സി. അംഗീകാരമില്ലെന്നറിയുന്നത്. ഇതോടെ പഠനം അവസാനിപ്പിച്ചു.
ഇതിനോടകം 4.5 ലക്ഷം രൂപ ഫീസ് അടച്ചിരുന്നു. എന്നാല്‍, കോഴ്‌സിന്റെ മുഴുവന്‍ ഫീസും അടച്ചാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കൂ എന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്. ഫീസടക്കാന്‍ സാധിക്കാത്തതിനാല്‍ ആഗ്രഹിച്ച നഴ്‌സിങ് പഠനം നിര്‍ത്തിയവരോടാണ് സര്‍ട്ടിഫിക്കറ്റിനായി മുഴുവന്‍ ഫീസടക്കാനുള്ള കോളേജ് അധികൃതരുടെ നിര്‍ദേശം.