സംയുക്ത ഗ്രൂപ്പ് യോഗത്തിൽ മുതിർന്ന നേതാക്കൾ പങ്കെടുത്തത് ശരിയായില്ല; കെ സുധാകരൻ
സംയുക്ത ഗ്രൂപ്പ് യോഗത്തിനെതിരെ തുറന്നടിച്ചു കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സീനിയർ മോസ്റ്റ് നേതാക്കൾ പങ്കെടുത്തത് ശരിയായില്ല. ഇത്രയും നാൾ സൗഭാഗ്യം അനുഭവിച്ച നേതാക്കൾ ആണ് യോഗം ചേർന്നത്. ഗ്രൂപ്പ് യോഗത്തിൽ അണികൾക്ക് കടുത്ത അമർഷമുണ്ട്. അതാണ് സമൂഹ മാധ്യമങ്ങളിൽ കാണുന്നതെന്നും സുധാകരൻ പറഞ്ഞു. സതീശനെതിരെ വിമർശനങ്ങൾ ശക്തമാവുന്ന സാഹചര്യത്തിൽ സതീശനെ തുണച്ചായിരുന്നു സുധാകരന്റെ പരാമർശം. വിഡിയോ താനോ പുതിയ ഗ്രൂപ്പ് ഉണ്ടാക്കുന്നില്ല. മുൻപ് വ്യക്തികൾ ആണ് പട്ടിക തയ്യാറാക്കിയത്. ഇത്തവണ വലിയ ചർച്ച നടന്നുവെന്നും സുധാകരൻ പറഞ്ഞു.
അതേസമയം, കോൺഗ്രസിലെ ഗ്രൂപ്പ് പോരിലും വിഡി സതീശനെതിരായ എഐ ഗ്രൂപ്പുകളുടെ യോജിച്ച നീക്കത്തിലും പ്രതികരണവുമായി കെ മുരളീധരൻ എംപി രംഗത്തെത്തി. ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് കോൺഗ്രസിൽ പതിവാണ്. അത് നേരത്തെ കെ. കരുണാകരനെതിരെയായിരുന്നു. ഇപ്പോഴും അത് തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു.