Begin typing your search...

സർക്കാരിനൊപ്പം സമരത്തിനില്ലെന്ന് വി.ഡി സതീശൻ; ധനപ്രതിസന്ധിക്ക് കാരണം കെടുകാര്യസ്ഥതയും അഴിമതിയും ധൂർത്തും

സർക്കാരിനൊപ്പം സമരത്തിനില്ലെന്ന് വി.ഡി സതീശൻ; ധനപ്രതിസന്ധിക്ക് കാരണം കെടുകാര്യസ്ഥതയും അഴിമതിയും ധൂർത്തും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സംസ്ഥാന സർക്കാരുമായി ചേർന്ന് ഡൽഹിയിൽപോയി സമരം ചെയ്യാനുള്ള മുഖ്യമന്ത്രിയുടെ ക്ഷണം നിരസിക്കാൻ യു.ഡി.എഫ് യോഗം ഏകകണ്ഠമായി തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.ക്ഷണം സ്വീകരിക്കരുതെന്നും സർക്കാരിന്റെ കെണിയിൽ വീഴരുതെന്നുമാണ് എല്ലാ ഘടകകക്ഷി നേതാക്കളും ആവശ്യപ്പെട്ടത്. ഇക്കാര്യം മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിക്കുമെന്നും സതീശൻ പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത അത്രയും ഗുരുതരമായ ധനപ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. നികുതി പിരിവിലെ പരാജയവും കെടുകാര്യസ്ഥതയും ധൂർത്തും ഉൾപ്പെടെ നിരവധി കാരങ്ങളാണ് ഈ പ്രതിസന്ധിയിലേക്ക് എത്തിച്ചതെന്നും വി ഡി സതീശൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

വി ഡി സതീശൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ പൂർണരൂപം

സംസ്ഥാനത്തിന്റെ ധനസ്ഥിതിയും കേന്ദ്രാവഗണനയും ചർച്ച ചെയ്യാൻ പ്രതിപക്ഷത്തെ കൂടി ക്ഷണിച്ചതിന് നന്ദി. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുള്ള പ്രശ്‌നങ്ങൾ മുഖ്യമന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിൽ ചില കാര്യങ്ങളോട് പ്രതിപക്ഷത്തിനും യോജിപ്പുണ്ട്. ഇക്കാര്യങ്ങൾ നേരത്തെ തന്നെ യു.ഡി.എഫ് എം.പിമാരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കേന്ദ്ര ധനകാര്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതുമാണ്. കേരളം നേരിടുന്ന എല്ലാ ധനപ്രതിസന്ധിക്കും കാരണം കേന്ദ്രത്തിന്റെ അവഗണനയാണെന്ന നരേറ്റീവിനോട് യോജിക്കാനാകില്ലെന്ന നിലപാട് ഞങ്ങൾ യോഗത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. ധനപ്രതിസന്ധിക്കുള്ള നിരവധി കാരണങ്ങളിൽ ഒന്നു മാത്രമാണ് കേന്ദ്രാവഗണന. നികുതി ഭരണത്തിലെ കെടുകാര്യസ്ഥത ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുണ്ട്. ഇക്കാര്യങ്ങൾ രണ്ട് ധവളപത്രങ്ങളിലൂടെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതും മുന്നറിയിപ്പ് നൽകിയിരുന്നതുമാണ്. അന്നൊന്നും പ്രതിപക്ഷ വാദങ്ങൾ മുഖവിലയ്ക്കെടുക്കാതിരുന്ന സർക്കാർ, ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ പ്രതിപക്ഷത്തെ ചർച്ചയ്ക്ക് വിളിച്ചതിന് പിന്നിൽ സംസ്ഥാന താൽപര്യം മാത്രമല്ല രാഷ്ട്രീയ താൽപര്യവും ഉണ്ടെന്ന് യു.ഡി.എഫ് സംശയിക്കുന്നു.

ചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത അത്രയും ഗുരുതരമാ ധനപ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. നികുതി പിരിവിലെ പരാജയവും കെടുകാര്യസ്ഥതയും ധൂർത്തും ഉൾപ്പെടെ നിരവധി കാരങ്ങളാണ് ഈ പ്രതിസന്ധിയിലേക്ക് എത്തിച്ചത്. ജി.എസ്.ടിക്ക് അനുസൃതമായി നികുതി ഭരണ സംവിധാനം പരിഷ്‌ക്കരിക്കാത്തതും ഐ.ജി.എസ്.ടി പൂളിൽ നിന്നുള്ള വരുമാനം നഷ്ടപ്പെടുത്തുന്നതും സ്വർണം, ബാർ എന്നിവയിൽ നിന്നും നികുതി പിരിക്കാൻ പരാജയപ്പെട്ടതുമാണ് ധനപ്രതിസന്ധിയുടെ മുഖ്യകാരണങ്ങൾ. വൻകിട പദ്ധതികളുടെ പേരിൽ നടക്കുന്ന അഴിമതിയും ധൂർത്തും ധനപ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ട്. സർക്കാരിന്റെയും നികുതി വകുപ്പിന്റെയും ഒത്താശയോടെയാണ് നികുതി വെട്ടിപ്പ് നടക്കുന്നത്. ജി.എസ്.ടിയുടെ ഏറ്റവും വലിയ ഗുണഭോക്താവാകേണ്ടിയിരുന്ന കേരളത്തെ നികുതി വെട്ടിപ്പുകാരുടെ പറുദീസയാക്കി മാറ്റി. നികുതി ഭരണസംവിധാനം പൂർണമായും പരാജയപ്പെട്ടു. വിഭവ സമാഹരണത്തിന് ഒരു നടപടിയും സ്വീകരിക്കാതെ കടമെടുപ്പ് മാത്രം ആശ്രയിച്ചാണ് ഇക്കഴിഞ്ഞ ഏഴ് വർഷവും അങ്ങയുടെ സർക്കാർ മുന്നോട്ട് പോയത്. യു.ഡി.എഫ് പുറത്തിറക്കിയ രണ്ടു ധവളപത്രങ്ങളിലും ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചു. നികുതി പിരിവ് കാര്യക്ഷമമാക്കുന്നതിന് പകരം എല്ലാ നികുതിയും വർധിപ്പിച്ചും സെസ് ഏർപ്പെടുത്തിയും ധനപ്രതിസന്ധി മറികടക്കാനുള്ള കുറുക്കുവഴിയാണ് സ്വീകരിച്ചത്. എന്നാൽ പ്രതിപക്ഷം മുന്നറിയിപ്പ് നൽകിയത് പോലെ ഇത് വിപരീതഫലമാണ് ഉണ്ടാക്കിയിരിക്കുന്നത്. രണ്ടു രൂപ സെസ് ഏർപ്പെടുത്തിയതോടെ ഡീസലിന്റെ ഉപഭോഗം കുറഞ്ഞു. ഇതിലൂടെ നേരത്തെ ലഭിച്ചുകൊണ്ടിരുന്ന വരുമാനവും ഇല്ലാതായി. വിലക്കയറ്റത്തിന് പുറമെ അമിത നികുതി ഭാരം കൂടി അടിച്ചേൽപ്പിച്ചതോടെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാകാതെ ജനംവീർപ്പ് മുട്ടുകയാണെന്നത് കൂടി സർക്കാർ കാണണം. ജി.എസ്.ടി നടപ്പിലാക്കുമ്‌ബോൾ ഉപഭോക്തൃ സംസ്ഥാനം എന്ന നിലയിൽ ഏറ്റവും കൂടുതൽ ആനുകൂല്യം ലഭിക്കേണ്ട സംസ്ഥാനമാണ് കേരളം. എൻ.എസ്.എസ്.ഒ സാംപിൾ സർവെ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ ചരക്കു സേവനം ഉപയോഗിക്കുന്ന സംസ്ഥാനവും കേരളമാണ്. കേരളത്തിലെ 80 ശതമാനം ഉൽപന്നങ്ങളും അന്യസംസ്ഥാനത്തു നിന്നോ വിദേശത്തു നിന്നോ എത്തുന്നതാണ്. അതുകൊണ്ടു തന്നെ ഇവയ്ക്ക് അന്തർ സംസ്ഥാന നികുതി അഥവാ ഐ.ജി.എസ്.ടിയാണ് ബാധകമാണ്. അന്യ സംസ്ഥാനങ്ങളിൽ നിന്നും ബില്ലില്ലാതെ സാധനങ്ങൾ കൊണ്ടുവന്ന് നേരിട്ട് വിൽപന നടത്തുന്ന B2B ( Business to Business) ഇനത്തിൽ വൻ നികുതി വെട്ടിപ്പാണ് നടക്കുന്നത്. അന്യ സംസ്ഥാനത്ത് നിന്നും ഉപഭോക്താവ് നേരിട്ട് സാധനങ്ങൾ വാങ്ങി കേരളത്തിൽ ഉപയോഗപ്പെടുത്തുന്ന B2C ( Business to Customer) ഇനത്തിലും നികുതി വെട്ടിപ്പ് വ്യാപകമാണ്. ഐ.ജി.എസ്.ടി ഇനത്തിൽ മാത്രം അഞ്ചു വർഷം കൊണ്ട് 30000 കോടിയാണ് സംസ്ഥാനത്തിന്റെ വരുമാന നഷ്ടം.

പേരിന് മാത്രമാണ് ജി.എസ്.ടി വകുപ്പ് പുനസംഘടിപ്പിച്ചത്. ഓഡിറ്റ് വിഭാഗം രൂപീകരിച്ചെങ്കിലും ഇതുവരെ പ്രവർത്തനം ആരംഭിക്കാത്തതിനാൽ എഴുനൂറോളം ജീവനക്കാരാണ് യാതൊരു പണിയുമില്ലാതെ ഒരു വർഷത്തോളമായി വെറുതെ ശമ്ബളം വാങ്ങുന്നത്. വൻകിടക്കാരുടെ നികുതി വെട്ടിപ്പുകളോട് ജി.എസ്.ടി വകുപ്പ് കണ്ണടയ്ക്കുകയാണ്. നികുതി വെട്ടിപ്പ് കണ്ടെത്തേണ്ട ജി.എസ്.ടി ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കേരളീയത്തിനും നവകേരള സദസിനും നികുതി വെട്ടിപ്പുകാരിൽ പണപ്പിരിവ് നടത്തിയതും അങ്ങയുടെ സർക്കാരാണെന്ന് ഓർക്കണം. ഏറ്റവും നല്ല പിരിവുകരനുള്ള ട്രോഫി മുഖ്യമന്ത്രി സമ്മാനിച്ചതും ജി.എസ്.ടിയിലെ ഉന്നത ഉദ്യോഗസ്ഥനാണ്. ഇങ്ങനെയുള്ള ഉദ്യോഗസ്ഥർക്ക് വൻകിടക്കാരുടെ നികുതി വെട്ടിപ്പ് കണ്ടില്ലെന്ന് നടിക്കലല്ലാതെ എന്തുചെയ്യാനാകും? ഇന്ത്യ ഒരു വർഷം ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്റെ 28 ശതമാനവും ഉപയോഗിക്കുന്നത് കേരളത്തിലാണ്. ആളോഹരി സ്വർണ ഉപഭോഗത്തിലും കേരളം ഒന്നാം സ്ഥാനത്താണ്. ഈ സാഹചര്യത്തിലും സംസ്ഥാനത്തെ ആകെ സ്വർണ വിൽപനയുടെ 20 ശതമാനത്തിന്റെ നികുതി പോലും സർക്കാരിന് ലഭിക്കുന്നില്ല. ഇത്തരത്തിൽ ഒരു വർഷം 18,000 കോടി രൂപയുടെയെങ്കിലും നികുതി നഷ്ടം സംസ്ഥാനത്തിനുണ്ട്. 2023 ജൂണോടെ ജി.എസ്.ടി കോമ്ബൻസേഷൻ അവസാനിക്കുമെന്നും ഇതു മറികടക്കാൻ തനത് നികുതി വരുമാനം വർധിപ്പിക്കുകയല്ലാതെ മറ്റൊരു പോംവഴിയും ഇല്ലെന്ന് 2019 മുതൽക്കെ പ്രതിപക്ഷം മുന്നറിയിപ്പുകളും ക്രിയാത്മകമായ നിർദ്ദേശങ്ങളും നൽകിയിരുന്നു. ജി.എസ്.ടി നടപ്പിലാക്കിയ ശേഷമുള്ള നികുതി വരുമാന നഷ്ടത്തെക്കുറിച്ച് പഠിക്കുകയോ നികുതി വരുമാന വർദ്ധനവിന് ഉതകുന്ന രീതിയിൽ ഉദ്യോഗസ്ഥരെ സജ്ജമാക്കുവാനോ സർക്കാർ തയാറായില്ല. കേരളത്തിനുള്ള കേന്ദ്ര നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ വെട്ടിക്കുറച്ചതും ധനപ്രതിസന്ധിക്ക് കാരണമാണ്. 14-ാം ധനകാര്യ കമ്മീഷൻ കേന്ദ്രത്തിന്റെ ഡിവിസിബിൾ പൂളിന്റെ 2.5% കേരളത്തിന് അനുവദിച്ചപ്പോൾ 15-ാം ധനകാര്യ കമ്മീഷൻ ഇത് 1.925% ആയി കുറച്ചു. 1971ലെ സെൻസസിന് പകരം 2011-ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യ ഉൾപ്പെടുത്തിയ പുതിയ മാനദണ്ഡമാണ് നികുതി വിഹിതം കുറയാൻ കാരണമായത്. ഇത് അംഗീകരിക്കാനാകില്ല. ഈ നിലപാട് തന്നെയാണ് രാജ്യവ്യാപകമായി കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നതും. ഇക്കാര്യം യു.ഡി.എഫ് എം.പിമാർ കേന്ദ്രധനകാര്യ വകുപ്പ് മന്ത്രിയെ നേരിട്ട് അറിയിച്ചിട്ടുള്ളതുമാണ്. ഡൽഹിയിൽ സമരം ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം, യു.ഡി.എഫിൽ ചർച്ച ചെയ്ത ശേഷം മറുപടി പറയാമെന്ന ധാരയിലാണ് യോഗം പിരിഞ്ഞത്. എന്നാൽ ഡൽഹിയിലെ സമരത്തിന്റെ തീയതി ഏകപക്ഷീയമായി പ്രഖ്യാപിക്കുകയാണ് സർക്കാർ ചെയ്തത്. ഇത് രാഷ്ട്രീയ മര്യാദ അല്ലെന്നു കൂടി ഓർമ്മിപ്പിക്കുന്നു. ധനപ്രതിസന്ധിയുടെ കാരണം സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും ധൂർത്തും ആണെന്നിരിക്കെ സർക്കാരുമായി ചേർന്നുള്ള ഒരു സമരവും വേണ്ടെന്നാണ് ഇന്നലെ ചേർന്ന് യു.ഡി.എഫ് യോഗം ഏകകണ്ഠമായി തീരുമാനിച്ചത്. യു.ഡി.എഫ് തീരുമാനം ഞാൻ അങ്ങയെ വിനയപൂർവം അറിയിക്കുന്നു.

WEB DESK
Next Story
Share it