'കൂലിപ്പണിക്ക് പോകാൻ അവധി തരണം'; പ്രതിഷേധവുമായി കെഎസ്ആർടിസി ഡ്രൈവർ
കെഎസ്ആർടിസിയിൽ ശമ്പളവിതരണം വീണ്ടും മുടങ്ങിയതോടെ വേറിട്ട പ്രതിഷേധവുമായി കെഎസ്ആർടിസി ഡ്രൈവർ. ശമ്പളമില്ലാത്തതിനാൽ കൂലിപ്പണി എടുക്കാൻ മൂന്ന് ദിവസത്തെ അവധി ചോദിച്ചായിരുന്നു ഡ്രൈവർ അജുവിന്റെ പ്രതിഷേധം. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവറാണ് അജു. ബൈക്കിൽ പെട്രോൾ അടിക്കാൻ പോലും കാശില്ല, ഗതികേട് കൊണ്ട് പ്രതിഷേധിച്ചതാണെന്നും അവധിക്കത്ത് തിരികെ വാങ്ങിയെന്നും അജു പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു.
സർക്കാർ നൽകി വരുന്ന സഹായധനം കൈമാറാത്തതാണ് കെഎസ്ആർടിസിയിൽ ശമ്പളവിതരണം നീളാൻ കാരണം. സാമ്പത്തിക പ്രതിസന്ധിയിലൂടെ പൊയ്ക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി, സർക്കാർ നൽകിവരുന്ന സഹായം കൊണ്ടാണ് ശമ്പളം നൽകുന്നത്. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പായി ആദ്യഗഡു നൽകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. എന്നിട്ടും പലതവണ ഇത് തെറ്റി. മൂന്ന് മാസം മുമ്പ് വരെ 50 കോടി രൂപയാണ് സർക്കാർ സഹായമായി നൽകിയിരുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം അത് മുപ്പത് കോടിയായി ചുരുക്കി. ഈ മാസം ഇതുവരെ ശമ്പളം നൽകിയിട്ടുമില്ല.