ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് പണമില്ല; ജനങ്ങളിൽ നിന്ന് പണപ്പിരിവ് നടത്താൻ കെപിസിസി
തെരഞ്ഞെടുപ്പ് ഫണ്ടിനായി ജനങ്ങളിൽ നിന്ന് പണപ്പിരിവ് നടത്താൻ കെ.പി.സി.സി. കൂപ്പൺ അടിച്ചു പ്രദേശികാടിസ്ഥാനത്തിലായിരിക്കും പിരിവ് നടത്തുക. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് തീരുമാനം. പ്രചാരണത്തിനു പോകുന്ന പ്രവർത്തകർക്ക് നാരങ്ങാവെള്ളം കുടിക്കാൻ പോലും പണമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
എ.ഐ.സി.സി അക്കൗണ്ടുകൾ കേന്ദ്രം മരവിപ്പിച്ചതോടെ ദേശീയതലത്തിൽനിന്നുള്ള ഫണ്ട് ലഭിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. സ്വന്തം നിലയ്ക്കു പണം കണ്ടെത്താൻ പി.സി.സികൾക്ക് ദേശീയ നേതൃത്വം നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ചേർന്ന കെ.പി.സി.സി തെരഞ്ഞെടുപ്പ് പ്രചാരണ സമിതി യോഗത്തിൽ കൂപ്പൺ അടിച്ച് പണപ്പിരിവ് നടത്താൻ തീരുമാനമായിരിക്കുന്നത്. സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തല, വി.ഡി സതീശൻ, കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം ഹസ്സൻ ഉൾപ്പെടെയുള്ള നേതാക്കൾ യോഗത്തിൽ സംബന്ധിച്ചിരുന്നു.
ബി.ജെ.പിയും സി.പി.എമ്മും ഇറക്കുന്നതുപോലെ പണമിറക്കാൻ തങ്ങളുടെ കൈയിലില്ലെന്ന് സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രചാരണത്തിനു പോലും പണമില്ല. കേരളത്തിലെ ജനങ്ങൾക്ക് അതു ബോധ്യമാകും. പി.ആർ.ഡിയെ ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ പ്രസംഗം വീടുകളിലെത്തിക്കുന്നു. 12 കോടി രൂപ അതിനായി ചെലവിട്ടെന്നും സതീശൻ പറഞ്ഞു.