അഴിമതികളിൽ അന്വേഷണമില്ല, കേസുമില്ല; പഠിക്കാൻ പറ്റിയ പുസ്തകമാണോ ശൈലജയുടെ ആത്മകഥയെന്ന് സതീശൻ
മാസപ്പടി, കരുവന്നൂർ ബാങ്ക് തട്ടിപ്പ്, കെ ഫോൺ അടക്കം ഉയർന്ന വിവാദങ്ങളിൽ ഊന്നി സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇടത് സർക്കാരിനും സിപിഎം നേതാക്കൾക്കുമെതിരെ ഉയരുന്ന ആരോപണങ്ങളിൽ അന്വേഷണമില്ലെന്ന് സതീശൻ കുറ്റപ്പെടുത്തി. പുതുപ്പള്ളിയിൽ സംസാരിക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ 7 ചോദ്യങ്ങളുമുന്നയിച്ചു.
1.72 കോടി രൂപ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിക്ക് മാസപ്പടി കിട്ടിയ സംഭവത്തിൽ അന്വേഷണം നടത്താൻ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന സുപ്രധാന ചോദ്യം പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിലുയർത്തി. റോഡിലെ ക്യാമറയിലും കെ ഫോണിലും പിപിഇ കിറ്റ് അഴിമതിയിലും അന്വേഷണമില്ല. ലൈഫ് മിഷൻ പദ്ധതി അഴിമതിയിൽ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തം ഉണ്ട്. ഇടത് സർക്കാരിനെതിരായ അഴിമതിയാരോപണങ്ങളിൽ കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്നും സതീശൻ ആരോപിച്ചു.
സിപിഎം നേതാക്കളായ മുൻ എംഎൽഎ ജോർജ് എം തോമസ്, വൈശാഖൻ എന്നിവർക്കെതിരെ ഉയർന്നത് ഗുരുതര ആരോപണങ്ങളാണെന്നിരിക്കെ, പൊലീസ് അന്വേഷിക്കുന്നില്ല. വളരെ ഗുരുതരമായ ആരോപണങ്ങളിൽ പാർട്ടി നടപടി മതിയോയെന്നും ഇതിൽ മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളതെന്നും സതീശൻ ചോദിച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സിപിഎം നേതാക്കൾക്ക് പങ്കുണ്ട്. എന്നാൽ പാർട്ടിക്ക് അകത്തു ഒതുക്കി തീർക്കാനാണ് ശ്രമിച്ചത്. ഇഡി യുടെ അന്വേഷണം പ്രതിപക്ഷം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നായിരുന്നു കേന്ദ്രഅന്വേഷണ ഏജൻസിയുടെ ഇടപെടലിനെ കുറിച്ച് സതീശന്റെ മറുപടി.
മട്ടന്നൂർ എംഎൽഎയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ. കെ ശൈലജയുടെ ആത്മകഥ കണ്ണൂർ സർവകലാശാല പിജി സിലബസിൽ ഉൾപ്പെടുത്തിയ നടപടിയിലും സതീശൻ പ്രതികരിച്ചു. ഗോൾവർക്കാർ, സവർക്കാർ എന്നിവരുടെ പുസ്തകങ്ങൾ പഠിക്കാൻ നൽകിയ സർവകാല ശാലയാണ് കണ്ണൂർ. പഠിക്കാൻ പറ്റിയ പുസ്തകമാണോ ശൈലജയുടെ ആത്മകഥയെന്നും സതീശൻ ചോദിച്ചു.