ഡോ. വന്ദന കൊലക്കേസിൽ സി.ബി.ഐ അന്വേഷണമില്ല; ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഹൈകോടതി
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസിൽ സി.ബി.ഐ അന്വേഷണമില്ലെന്നും കേസിൽ ഇടപെടേണ്ട സാഹചര്യം നിലവിലില്ലെന്നും ഹൈകോടതി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദന ദാസിന്‍റെ മാതാപിതാക്കൾ നൽകിയ ഹരജിയിലാണ് കോടതിയുടെ തീരുമാനം.
കുറ്റപത്രവും കേസിന്‍റെ നാൾവഴിയും പരിശോധിക്കുമ്പോൾ അപൂർവങ്ങളിൽ അപൂർവമായ ഒരു സാഹചര്യം കാണുന്നില്ല. കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഏതെങ്കിലും തരത്തിൽ വീഴ്ചപറ്റിയതായും കാണുന്നില്ല. മറ്റേതെന്തിലും തരത്തിൽ പ്രതിക്ക് ഗൂഢാലോചനയോ മറ്റ് ഉദ്ദേശങ്ങളോ ഇല്ലെന്നും ഈ സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി.
2023 മേയ് 10ന് രാത്രി പൊലീസ് മെഡിക്കൽ പരിശോധനക്ക് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊണ്ടു വന്ന സന്ദീപിന്‍റെ കുത്തേറ്റാണ് ഡോ. വന്ദന ദാസ് കൊല്ലപ്പെടുന്നത്. സംഭവത്തിൽ പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടെന്നും ഇത് മറച്ചുവെച്ചാണ് അന്വേഷണം നടത്തുന്നതെന്നും ആരോപിച്ചാണ് സി.ബി.ഐ അന്വേഷണത്തിന് മാതാപിതാക്കൾ ഹരജി നൽകിയത്.
കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ തയാറാണെന്ന് സർക്കാർ ഹൈകോടതിയെ നേരത്തെ അറിയിച്ചിരുന്നു. ഇതിൽ നിലപാട് അറിയിക്കാൻ ഹരജിക്കാരോട് കോടതി ആവശ്യപ്പെടുകയും ചെയ്തു. ഈ ഘട്ടത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.