നിപ സമ്പർക്ക പട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതർ; നിയന്ത്രണങ്ങൾ തുടരുന്നു, ആരോഗ്യ വകുപ്പ് സർവേ തുടരും
നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയിൽ ആരോഗ്യ വകുപ്പ് സർവേ തുടരും. രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തുകയാണ് ലക്ഷ്യം. ഇന്നലെ നടത്തിയ സർവേയിൽ സമ്പർക്ക പട്ടികയിലുള്ള ഒരാളടക്കം 49 പനി ബാധിതരെ കണ്ടെത്തിയിട്ടുണ്ട്. മരിച്ച വിദ്യാർത്ഥിയുടെ റൂട്ട് മാപ്പ് ഇന്നലെ ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരുന്നു.
ഇതനുസരിച്ച് കിട്ടുന്ന വിവരങ്ങൾ കൂടി വരുന്നതോടെ സമ്പർക്ക പട്ടിക ഉയരും. മലപ്പുറം ജില്ലയിലും പ്രത്യേകിച്ച് തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ കണ്ടെയ്മെൻ്റ് സോണായ വാർഡുകളിലും കർശന നിയന്ത്രണങ്ങൾ തുടരുകയാണ്.
നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ 175 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇതില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 126 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 49 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രൈമറി പട്ടികയിലുള്ള 104 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ 13 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭ്യമാകാനുണ്ടെന്ന് മന്ത്രി അറിയിച്ചു.