Begin typing your search...

പഴിയെല്ലാം നിഖിലിന്, കൈകഴുകി കോളജ്; അധ്യാപകർക്ക് വീഴ്ചയില്ലെന്ന് റിപ്പോർട്ട്

പഴിയെല്ലാം നിഖിലിന്, കൈകഴുകി കോളജ്; അധ്യാപകർക്ക് വീഴ്ചയില്ലെന്ന് റിപ്പോർട്ട്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മുഴുവൻ പഴിയും നിഖിലിനു മേൽ ചുമത്തി കായംകുളം എംഎസ്എം കോളജിലെ ആഭ്യന്തര അന്വേഷണസമിതി പ്രിൻസിപ്പലിനു റിപ്പോർട്ട് നൽകി. കോളജിനോ അധ്യാപകർക്കോ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് അധ്യാപകരും കോളജ് സൂപ്രണ്ടും ചേർന്നു തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. നിഖിലിനെതിരെ എല്ലാ നിയമനടപടികളും സ്വീകരിക്കണമെന്നു ശുപാർശയുമുണ്ട്. കേരള സർവകലാശാലയിൽ തന്നെ സപ്ലിമെന്ററി പരീക്ഷയെഴുതി നിഖിൽ ബികോം പാസായെന്നാണ് അധ്യാപകർ കരുതിയതെന്നു റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, നിഖിൽ സമർപ്പിച്ച രേഖകൾ പരിശോധിച്ച കൊമേഴ്സ് വകുപ്പു മേധാവി, ബിരുദ സർട്ടിഫിക്കറ്റ് ഛത്തീസ്ഗഢിലെ കലിംഗ സർവകലാശാലയിൽനിന്നുള്ളതാണെന്നു മനസ്സിലാക്കിയിരുന്നു. സിപിഎം അനുകൂല അധ്യാപക സംഘടനാ നേതാവും കേരള സർവകലാശാല സെനറ്റ് അംഗവുമാണ് ഇദ്ദേഹം.

നിഖിൽ ബികോമിനു പഠിക്കുമ്പോൾ താൻ വകുപ്പു മേധാവിയായിരുന്നില്ലെന്നും ഏതു വർഷമാണ് ഇവിടെ പഠിച്ചതെന്ന് ഓർമയില്ലായിരുന്നുവെന്നുമാണ് അദ്ദേഹം വിശദീകരിച്ചതെന്നു റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് അംഗീകരിക്കുന്നില്ലെന്നും അധ്യാപകരുടെ വീഴ്ച പരിശോധിക്കണമെന്നും കോളജി യൂണിയൻ ചെയർമാൻ ഇർഫാൻ ഐക്കരയിൽ പ്രതികരിച്ചു.

അതേസമയം കായംകുളം എംഎസ്എം കോളജിലെ വ്യാജബിരുദക്കേസിൽ പൊലീസ് തേടുന്ന എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസ് ഇപ്പോഴും ഒളിവിൽ. നിഖിലിനെ ഒളിവിൽ പോകാൻ സഹായിച്ചെന്നു കരുതുന്ന സിപിഎം പ്രവർത്തകനായ അഭിഭാഷകനെ ഇന്നലെ പുലർച്ചെ അഞ്ചിനു പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി ഏഴര വരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. വ്യാജ സർട്ടിഫിക്കറ്റ് വിതരണത്തിലും ഇയാൾക്കു പങ്കുണ്ടോയെന്നു പൊലീസ് സംശയിക്കുന്നു.

ബിരുദം വ്യാജമാണെന്നു കേരള, കലിംഗ സർവകലാശാലാ അധികൃതർ സ്ഥിരീകരിച്ചതിനു പിന്നാലെ, തിങ്കളാഴ്ച വൈകിട്ട് ഏഴിനാണു നിഖിലിന്റെ മൊബൈൽ ഫോൺ സ്വിച്ച്ഡ് ഓഫ് ആയത്. കായംകുളം ടൗൺ ആണ് അവസാന ടവ‍ർ ലൊക്കേഷൻ. ഞായറാഴ്ച ഈ അഭിഭാഷകൻ നിഖിലിനൊപ്പം തിരുവനന്തപുരത്തു പോയിരുന്നതായി ടവർ ലൊക്കേഷൻ പരിശോധിച്ചു പൊലീസ് കണ്ടെത്തിയിരുന്നു.

നിഖിലിന് സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകിയത് ഉറ്റ സുഹൃത്തായ കായംകുളത്തെ മു‍ൻ എസ്എഫ്ഐ നേതാവാണെന്ന സൂചനയും ലഭിച്ചു. വിദേശത്ത് അധ്യാപകനായി ജോലി ചെയ്യുന്ന ഇയാളെക്കുറിച്ചു ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും പൊലീസ് വിവരം തേടി. മറ്റു പലർക്കും ഇയാൾ വ്യാജ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകിയിട്ടുണ്ടെന്നാണു വിവരം. വിവിധ സർവകലാശാലകളിൽ പ്രവേശനത്തിനു വിദ്യാർഥികളെ സഹായിക്കുന്ന ഏജൻസി ഇയാൾ മുൻപു നടത്തിയിരുന്നു.

WEB DESK
Next Story
Share it