ഹൗസ് സർജന്മാരുടെ നൈറ്റ് ഡ്യൂട്ടി റദ്ദാക്കി; പി.ജി ഡോക്ടർമാരുടെ സമരം ഭാഗികമായി പിൻവലിച്ചു; ഒപി ബഹിഷ്‌കരണം തുടരും
സെക്യൂരിറ്റി ഓഡിറ്റ് നടത്തി സുരക്ഷ ഉറപ്പുവരുത്തുന്നത് വരെ റൂറല്‍ ആശുപത്രികളിലെ ഹൗസ് സര്‍ജന്മാരുടെ നൈറ്റ് ഡ്യൂട്ടി റദ്ദാക്കി. ഇതോടൊപ്പം പി.ജി വിദ്യാർത്ഥികളുടെ പരാതി പരിഹരിക്കാനായി മെഡിക്കൽ കോളേജുകൾ പരാതി പരിഹാര സെൽ സ്ഥാപിക്കും. ഹൗസ് സര്‍ജന്‍മാരുടെ ജോലി നിര്‍വചിച്ച് മാര്‍ഗരേഖയും പുറപ്പെടുവിക്കും. പി.ജി. ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും ആരോഗ്യമന്ത്രി വീണ ജോർജുമായി നടത്തിയ ചര്‍ച്ചയ്ക്കു പിന്നാലെയാണ് നടപടി.
മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം സമരം ഭാഗികമായി പിൻവലിച്ചിട്ടുണ്ട്. സമരം ഭാഗികമായി അവസാനിപ്പിച്ച ഡോക്ടർമാർ അത്യാഹിത വിഭാഗങ്ങളിൽ ജോലിക്ക് കയറും. എന്നാൽ ഒപി ബഹിഷ്‌കരണം തുടരും. ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പാക്കുമെന്ന് ഉറപ്പു ലഭിച്ചതായി ഡോക്ടർമാർ അറിയിച്ചു. വൈകിട്ട് അഞ്ചുമണി മുതല്‍ അടിയന്തര സേവനങ്ങളില്‍ ജോലിയില്‍ പ്രവേശിക്കുമെന്ന് പി.ജി.അസോസിയേഷന്‍ പ്രതിനിധി ഡോ.ഇ.എ.റുവൈസ് പറഞ്ഞു. തുടര്‍ സമരപരിപാടി വൈകിട്ട് യോഗം ചേര്‍ന്ന് തീരുമാനിക്കും.