നെയ്യാറ്റിൻകരയിൽ കല്ലറ തുറന്നു പുറത്തെടുത്ത ഗോപന്റെ സംസ്കാരം നടത്തി; 'ഋഷിപീഠം' എന്ന പേരിൽ പുതിയ സംസ്കാര സ്ഥലം ഒരുക്കിയത്
മരണവും സംസ്കാരവും വിവാദമായതിനെത്തുടർന്ന് നെയ്യാറ്റിൻകരയിൽ കല്ലറ തുറന്നു പുറത്തെടുത്ത ഗോപന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം വീണ്ടും സംസ്കരിച്ചു. നാമജപയാത്രയോടെയാണ് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ നിന്ന് മൃതദേഹം വീട്ടിൽ എത്തിച്ചത്. തുടർന്ന് മതാചാര്യന്മാരുടെ സാന്നിധ്യത്തിൽ മൃതദേഹം സംസ്കരിക്കുകയായിരുന്നു.
ഇതിനായി പുതിയ സമാധി സ്ഥലം ഒരുക്കിയിയിരുന്നു. മൃതദേഹം പുറത്തെടുക്കാനായി പൊളിച്ച കല്ലറക്ക് സമീപം ഇഷ്ടിക കൊണ്ടാണ് 'ഋഷിപീഠം' എന്ന പേരിൽ പുതിയ സംസ്കാര സ്ഥലം ഒരുക്കിയത്. സംസ്കാര ചടങ്ങിനായി വീടിനു മുന്നിൽ പന്തൽ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. നിരവധി പേരാണ് എത്തിച്ചേർന്നത്.
പിതാവിനെ മക്കൾ സമാധിയിരുത്തിയ സംഭവം വിവാദമായതോടെയാണ് ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപന്റെ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തത്. മരണകാരണം പൂർണമായും വ്യക്തമായിട്ടില്ലെന്നാണ് റിപ്പോർട്ട്. ആന്തരാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചാലേ മരണകാരണം അറിയാൻ കഴിയൂ എന്നാണ് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരുടെ സംഘം പൊലീസിനെ അറിയിച്ചത്. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തിൽ ക്ഷതമോ മുറിവുകളോ ഇല്ല.
എന്നാൽ തലയിൽ കരുവാളിച്ച പാടുകളുണ്ട്. മരണകാരണം കണ്ടെത്താൻ ചില പരിശോധനാഫലങ്ങൾ പുറത്തുവരേണ്ടതുണ്ട്. ശ്വാസകോശത്തിൽ ഭസ്മം കലർന്നിട്ടുണ്ടെന്നു സംശയമുണ്ട്. തലയിലെ കരുവാളിച്ച പാടുകൾ പരുക്കിന്റേതാണോ എന്നും പരിശോധിക്കണം. വിഷം ഉള്ളിൽ ചെന്നിട്ടുണ്ടോയെന്ന് അറിയണമെങ്കിൽ ആന്തരികാവയവങ്ങളുടെ പരിശോധനാഫലവും പുറത്തുവരേണ്ടതുണ്ട്.
അതിനിടെ, സമാധി വിഷയം വിവാദമായപ്പോൾ ഒരു വിഭാഗത്തിനെതിരെ നടത്തിയ പരാമർശങ്ങളിൽ മാപ്പു ചോദിക്കുന്നുവെന്ന് ഗോപന്റെ മകൻ സനന്തൻ പറഞ്ഞു. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും സനന്തൻ വ്യക്തമാക്കി.