പൗരത്വ ഭേദഗതി നിയമം മതനിരപേക്ഷതയുടെ കടയ്ക്കല്‍ കത്തിവെക്കലെന്ന് പന്ന്യന്‍ രവീന്ദ്രന്‍
മതനിരപേക്ഷതയുടെ കടയ്ക്കൽ കത്തിവെക്കുന്നതാണ് പൗരത്വ ഭേദഗതി നിയമമെന്ന് തിരുവനന്തപുരം പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ രംഗത്ത്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധ റാലിയും യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ നിലനിൽപിന്റെ ആധാരശില മതനിരപേക്ഷതയാണ്. അത് ഭരണഘടന ഉറപ്പുനൽകുന്നതുമാണ്. മതനിരപേക്ഷതയ്‌ക്കെതിരായ സംഘപരിവാറിന്റെ ദീർഘകാലമായുള്ള നീക്കങ്ങളുടെ തുടർച്ചയാണ് പൗരത്വ ഭേദഗതി നിയമ മെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. രാജ്യത്തെയും ജനങ്ങളെയും വിഭജിക്കാനുള്ള നീക്കത്തിനെ ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കേണ്ടതുണ്ട്.
പൗരത്വ ഭേദഗതി നിയമത്തെ പ്രതിരോധിക്കാനുള്ള പോരാട്ടങ്ങളിൽ ഇടതുപക്ഷം ഇന്ത്യയിലെ ജനങ്ങൾക്കൊപ്പമുണ്ടാകുമെന്നും ഈ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് സംസ്ഥാന മുഖ്യമന്ത്രിതന്നെ പ്രഖ്യാപിച്ചുകഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. വിഭജിച്ചും ഭയപ്പെടുത്തിയും കീഴ്‌പ്പെടുത്താമെന്ന സംഘപരിവാർ നയം അംഗീകരിക്കില്ലെന്നും പന്ന്യൻ തുറന്നടിച്ചു.