വിഴിഞ്ഞം ആക്രമണ കേസുകൾ: അന്വേഷിക്കാൻ ഡിസിപി കെ ലാൽജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം
വിഴിഞ്ഞത്തെ ആക്രമണ കേസുകൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. തിരുവനന്തപുരം ഡിസിപി കെ ലാൽജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. നാല് അസിസ്റ്റന്റ് കമ്മീഷണർമാരും സംഘത്തിൽ ഉണ്ട്. വിഴിഞ്ഞം ആക്രമണം കണക്കിലെടുത്ത് സംസ്ഥാനത്ത് മുഴുവൻ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ്.
എല്ലാ ജില്ലകളിലും പൊലീസ് വിന്യാസം നടത്താനാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദ്ദേശം. അവധിയിലുള്ള പൊലീസുകാർ തിരിച്ചെത്തണം എന്നും നിർദ്ദേശമുണ്ട്. തീരദേശ സ്റ്റേഷനുകൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മുഴുവൻ പൊലീസുകാരും ഡ്യൂട്ടിയിലുണ്ടാകണമെന്നുമാണ് എഡിജിപി നിർദ്ദേശം നൽകിയിരുക്കുന്നത്. ഡിഐജിമാരും ഐജിമാരും നേരിട്ട് കാര്യങ്ങൾ നിരിക്ഷിക്കണം എന്നാണ് എഡിജിപിയുടെ നിർദ്ദേശം. അതേസമയം, വിഴിഞ്ഞത്ത് കനത്ത പൊലീസ് സുരക്ഷ തുടരുകയാണ്. അതിനിടെ, വിഴിഞ്ഞത്തെ സ്‌പെഷ്യൽ പൊലീസ് ഓഫീസറായി ഡിഐജി ആർ നിശാന്തിനിയെ നിയമിച്ചു. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കാൻ ഡിഐജിക്ക് കീഴിൽ പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തേയും നിയമിച്ചിട്ടുണ്ട്.