പി.വി അൻവറുമായി ചർച്ച നടത്തുന്നത് മതേതര വോട്ടുകളുടെ ഭിന്നിപ്പ് തടയാൻ: രാഹുൽ മാങ്കൂട്ടത്തിൽ
പി.വി അൻവറുമായി ചർച്ച നടത്തുന്നത് മതേതര വോട്ടുകളുടെ ഭിന്നിപ്പ് തടയാനെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. അൻവറിന്റെ പിന്തുണ ഗുണം ചെയ്യുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പ്രതിപക്ഷം ദീർഘകാലമായി ഉന്നയിക്കുന്ന പ്രശ്നങ്ങളാണ് തുറന്നു പറഞ്ഞിരിക്കുന്നത്.
പാലക്കാട് ചർച്ചയാവുക യുഡിഎഫിലെ വിമത ശബ്ദങ്ങളല്ല കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ വീഴ്ചകളാണെന്ന് രാഹുൽ പറഞ്ഞു. മതേതര വോട്ടുകൾ ഭിന്നിച്ച് പോകാതിരിക്കാനാണ് അൻവറിൻ്റെ പിന്തുണ തേടുന്നത്. യുഡിഎഫ് 8 വർഷമായി പറഞ്ഞു കൊണ്ടിരുന്ന കാര്യങ്ങൾ ഭരണ പക്ഷത്ത് നിന്ന് തുറന്ന് പറഞ്ഞയാളാണ് അൻവർ. അൻവറിൻ്റെ സ്ഥാനാർഥിയെ പിൻവലിക്കുന്നത് നേതൃത്വമാണെന്ന് രാഹുൽ വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പിൽ ഡിഎംകെ സ്ഥാനാർത്ഥികളെ പിൻവലിച്ച് യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന് പിവി അൻവറിനോട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഭ്യർത്ഥിച്ചിരുന്നു. ഡിഎംകെ സ്ഥാനാർത്ഥികളുണ്ടെങ്കിൽ ബിജെപി, സിപിഐഎം വിരുദ്ധ വോട്ടുകൾ ഭിന്നിച്ചുപോകാമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ അഭ്യർത്ഥനയെന്നാണ് സൂചന.