എഡിഎമ്മിനെതിരെ വന്നത് വ്യാജ പരാതി തന്നെ; ജോലി സംബന്ധമായ സമ്മർദ്ദം നേരിട്ടതായി മനസിലായിരുന്നു: കളക്ടർക്കെതിരെ രൂക്ഷ വിമർശനവുമായി നവീൻ ബാബുവിന്റെ ബന്ധു
കണ്ണൂർ കളക്ടർക്കെതിരെ രൂക്ഷ വിമർശനവുമായി ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബുവിന്റെ ബന്ധു ബാലകൃഷ്ണൻ. പരാതിയിലെ ഒപ്പുകളിലെ വൈരുധ്യം കൂടി പുറത്ത് വന്നതോടെ എഡിഎമ്മിനെതിരെ വന്നത് വ്യാജ പരാതി തന്നെയാണെന്ന് ബാലകൃഷ്ണൻ പറയുന്നു. ഇതില് വലിയൊരു ഗൂഡാലോചന നടന്നിട്ടുണ്ട്.
രണ്ടാഴ്ച മുൻപ് നവീൻ ബാബു നാട്ടിൽ വന്ന സമയത്ത് സംസാരിച്ചത് അനുസരിച്ച് ജോലി സംബന്ധമായ സമ്മർദ്ദം നവീൻ ബാബു നേരിട്ടതായി മനസിലായിരുന്നു. ഒരു പരുവത്തിൽ ഇങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്, വല്യ ബുദ്ധിമുട്ടാണ്, എങ്ങനെയെങ്കിലും ട്രാൻസ്ഫർ വാങ്ങി തിരികെ വരണം എന്ന് നവീൻ ബാബു വിശദമാക്കിയതായാണ് ബാലകൃഷ്ണൻ പറയുന്നത്.
ട്രാൻസ്ഫർ വാങ്ങി വരണമല്ലോയെന്ന് കരുതി ആരോടും മറുത്ത് സംസാരിക്കാതെ ഇരിക്കുകയാണെന്നും നവീൻ ബാബു പറഞ്ഞിരുന്നു. പല കാര്യങ്ങളും നിയമം വിട്ട് ചെയ്യാൻ നവീൻ ബാബുവിനെ ബുദ്ധിമുട്ടിച്ചതായി മനസിലാക്കിയിരുന്നു. എതിർത്ത് പറഞ്ഞാൽ കള്ളക്കേസിൽ കുടുക്കുമെന്ന ഭയവും നവീനിന് ഉണ്ടായിരുന്നുവെന്നും ബന്ധു പറയുന്നു.