പി ജയരാജന്റെ മകനെതിരെ വിമർശനവുമായി എം.വി ജയരാജൻ; പാർട്ടി അംഗങ്ങൾക്കുള്ള മാർഗരേഖ ബന്ധുക്കളും പിന്തുടരണം
പാനൂർ ഏരിയ കമ്മിറ്റി അംഗം കിരണിനെതിരെ ആരോപണം ഉന്നയിച്ച പി ജയരാജന്റെ മകൻ ജയിൻ രാജിനെതിരെ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. പാർട്ടി അംഗങ്ങൾക്കുള്ള മാർഗരേഖ ബന്ധുക്കളും പിന്തുടരണമെന്ന് എംവി ജയരാജൻ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ സഭ്യമായ ഭാഷ പ്രയോഗിക്കണമെന്നും എംവി ജയരാജൻ കൂട്ടിച്ചേർത്തു.
പാനൂർ ഏരിയാ കമ്മറ്റി അംഗം കിരണിനെതിരായ ആരോപണം തെറ്റാണ്. സ്വർണക്കടത്ത് സംഘവുമായി കിരണിന് ബന്ധമില്ല. ജയിൻ പോസ്റ്റ് ചെയ്ത തെറിവിളി സ്ക്രീൻ ഷോട്ട് ഒരു വർഷം മുൻപുള്ളതാണ്. അതിൽ തിരുത്തൽ നടപടി എടുത്തെന്നും എംവി ജയരാജൻ പറഞ്ഞു. പി ജയരാജന്റെ മകന്‍ ജയിന്‍ രാജിനെതിരെ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് ഇന്നലെ രംഗത്തെത്തിയിരുന്നു. സംഘടനയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമെന്നു വിശദീകരിച്ച് കൊണ്ടാണ് ഡിവൈഎഫ്‌ഐ രംഗത്തെത്തിയത്. ജയിനിന്റെ പേരെടുത്തു പറയാതെയാണ് ഡിവൈഎഫ്‌ഐ വിമര്‍ശനം.
സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തി സംഘടനയെയും പാനൂര്‍ ബ്ലോക്ക് സെക്രട്ടറിയായ കിരണിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണമെന്നാണ് ഡിവൈഎഫ്‌ഐ പറയുന്നത്. ''സഭ്യേതരഭാഷ ഉപയോഗിച്ച് വ്യക്തികളെയും മറ്റും ആക്ഷേപിക്കുന്നതിന് സോഷ്യല്‍ മീഡിയെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അത് ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കുന്നില്ലെന്നും ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. സഭ്യമല്ലാത്ത ഭാഷയില്‍ ഡിവൈഎഫ്ഐക്കും നേതാക്കള്‍ക്കും എതിരെ ആര് പ്രതികരണങ്ങള്‍ നടത്തിയാലും സഭ്യമായ ഭാഷയില്‍ തന്നെയായിരിക്കണം മറുപടി പറയേണ്ടത്. ഇപ്പോള്‍ ചിലര്‍ ഉയര്‍ത്തി കൊണ്ടുവന്ന വിഷയം ഒരു വര്‍ഷം മുന്‍പ് തന്നെ ഡിവൈഎഫ്‌ഐ ചര്‍ച്ച ചെയ്യുകയും ആവശ്യമായ തെറ്റുതിരുത്തല്‍ പ്രക്രിയക്ക് വിധേയമാക്കുകയും ചെയ്തതാണ്. എന്നാല്‍ വീണ്ടും ഇത് കുത്തിപൊക്കിയത് ചില കുബുദ്ധികളുടെ ദുഷ്ടലാക്കാണ് വ്യക്തമാക്കുന്നത്. ഇതുവഴി സഘടനയെയും നേതാക്കളെയും പൊതുജനമധ്യത്തില്‍ താറടിച്ചു കാണിക്കാനുള്ള ഹീനശ്രമമാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.'' ഇത് പ്രതിഷേധാര്‍ഹമാണെന്ന് ഡിവൈഎഫ്‌ഐ പ്രസ്താവനയിലൂടെ പറഞ്ഞു.