രാഹുല്‍ മാങ്കൂട്ടത്തില്‍ കള്ള മെഡിക്കൽ സർട്ടിഫിക്കേറ്റ് ഉണ്ടാക്കിയെന്ന് എം.വിഗോവിന്ദന്‍
പൊലീസ് നിയമം ഇടതു പക്ഷം ഉണ്ടാക്കിയതല്ല.പൊലീസ് അവരുടെ നടപടി മാത്രമെ സ്വീകരിച്ചിട്ടുള്ളുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വിഗോവിന്ദന്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ ന്യായീകരിക്കുകയായിരുന്നു ഗോവിന്ദന്‍.
സമരത്തിനിടെ രാഹുൽ പൊലീസിന്‍റെ കഴുത്തിന് പിടിച്ചു.കമ്പും കൊണ്ട് അടിക്കാൻ ചെന്നു.കേസിൽ പ്രതിയായതിന് കള്ള മെഡിക്കൽ സർട്ടിഫിക്കേറ്റ് ഉണ്ടാക്കി. രാഹുലിന് കാര്യമായ ഒരു രോഗവുമില്ലെന്ന് ഡോക്ടർ റിപ്പോർട്ട് നൽകി. ജാമ്യം കിട്ടാനുള്ള ശ്രമമാണ് നടത്തിയത്. കോടതിയത് പരിശോധിച്ചു. ജാമ്യം നിഷേധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സമരം നടത്തിയാൽ കൽതുറുങ്കിൽ കിടക്കേണ്ടി വന്നേക്കും.ജയിലിൽ കിടക്കേണ്ട ആർജവം കാണിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് തിരുവനന്തപുരം സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകും. ഇന്നലെ ജൂഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ജാമ്യേപക്ഷ തള്ളി രാഹുലിനെ 22 വരെ റിമാൻഡ് ചെയ്യുകയായിരുന്നു.
നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ് രാഹുൽ. രാഹുലിന്റെ അറസ്റ്റിനെതിരെ ഇന്നും സംസ്ഥാന വ്യാപക പ്രതിഷേധത്തിന് സാധ്യതയുണ്ട്. യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തും. പ്രതിപക്ഷത്തെ യുവജന സംഘടനകളുടെ സംയുക്ത യോഗം ഉച്ചക്ക് ശേഷം പ്രതിപക്ഷനേതാവിന്‍റെ നേതൃത്വത്തിൽ ചേരും. തുടർ സമരപരിപാടികൾക്ക് യോഗം രൂപം നൽകും