മുട്ടിൽ മരംമുറി കേസ്;അന്വേഷണ ഉദ്യോഗസ്ഥ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകി ഡിവൈഎസ്പി
മുട്ടിൽ മരംമുറിക്കേസിന്റ അന്വേഷണ സ്ഥാനത്ത് നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് താനൂർ ഡിവൈഎസ്പി വി.വി.ബെന്നി ഡിജിപിക്ക് കത്ത് നൽകി. കേസിലെ പ്രതികള്‍ വ്യാജ വാർത്തകള്‍ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് കത്തിൽ ബെന്നി പറയുന്നു. മുട്ടിൽ മരംമുറിക്കേസിലെ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളെ അറസ്റ്റ് ചെയ്യതത് ഡിവൈഎസ്പി ബെന്നിയായിരുന്നു.
റവന്യൂ ഭൂമിയിൽ നിന്നും കോടികൾ വിലമതിക്കുന്ന വൃക്ഷങ്ങള്‍ മുറിച്ചു കടത്തിയ കേസിൽ കുറ്റപത്രം തയ്യാറാക്കുന്നതിന് ഇടെയാണ് മാറ്റം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ കത്ത് നൽകുന്നത്. പല സ്ഥലങ്ങളില്‍ നിന്നും പിടിച്ചെടുത്ത വൃക്ഷങ്ങള്‍ വയനാട് മുട്ടിലിൽ നിന്നും മുറിച്ച് കടത്തിയതാണെന്ന് ഡിഎൻഎ റിപ്പോർട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.മരംമുറിക്കുന്നതിനായി പ്രതികള്‍ വ്യാജ രേഖയുണ്ടാക്കതിന്റെ തെളിവും കിട്ടിക്കഴിഞ്ഞു. സമ്മർദ്ദങ്ങള്‍ മറികടന്നാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളെ അന്വേഷണ സംഘം തലവനായിരുന്ന
വി.വി.ബെന്നി അറസ്റ്റ് ചെയ്തത്. കുറ്റപത്രം തയ്യാറാക്കുന്നതിടെയാണ് താനൂരിൽ ഒരു മയക്കു മരുന്ന് കേസിൽ പിടികൂടിയ പ്രതി പൊലീസ് കസ്റ്റഡിയിൽ മരിക്കുന്നത്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് തന്നെയും സർക്കാരിനെയും അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാർത്തകള്‍ പ്രചരിക്കുന്നുണ്ട്. മുട്ടിൽ കേസിലെ പ്രതികളാണ് തന്നെ ലക്ഷ്യം വച്ചുള്ള ഗൂഢാലോചനക്ക് പിന്നിലെന്നും അതിനാൽ അന്വേഷണ ഉദ്യോഗസ്ഥ സ്ഥാനത്തുനിന്നും മാറ്റണമെന്നുമാണ് ഡിജിപിക്ക് നൽകിയ കത്തിൽ പറയുന്നത്. കത്തിൽ ഡിജിപി ഇതേവരെ തീരുമാനം എടുത്തിട്ടില്ല.