രാഹുൽ ഗാന്ധി വരുമ്പോൾ ഉയർത്താൻ പറ്റാത്ത പച്ച പതാകയുടെ നിറം മുസ്ലിം ലീഗ് മാറ്റുമോ?; പരിഹസിച്ച് ജലീൽ
പതാക വിവാദത്തിൽ പ്രതികരണവുമായി കെടി ജലീൽ. രാഹുൽ ഗാന്ധി വരുമ്പോൾ ഉയർത്താൻ പറ്റാത്ത പച്ച പതാകയുടെ നിറം മുസ്ലിം ലീഗ് മാറ്റുമോ എന്ന് ജലീൽ പരിഹസിച്ചു. സംഘപരിവാറിന്റെ താല്പര്യമനുസരിച്ച് ‘ഹരിത പതാക’ ഉയർത്താൻ ഭയപ്പെടുന്ന മുസ്ലിം ലീഗ് ചെരുപ്പിനനുസരിച്ച് കാലു മുറിക്കുകയാണെന്നും കെടി ജലീൽ തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.
രാഹുൽഗാന്ധിക്ക് പച്ചക്കൊടി അലർജിയാണെങ്കിൽ പച്ചക്കൊടിയില്ലാത്ത കർണാടകയിലോ ആന്ധ്രയിലോ യുപിയിലോ മത്സരിക്കാമായിരുന്നില്ലേ? നേരത്തെ തൊപ്പിയൂരാൻ പറഞ്ഞ കോൺഗ്രസ് ഇന്ന് കൊടിയൂരാൻ പറഞ്ഞു. നാളെ അവർ മുസ്ലിം ലീഗിന്റെ മുന്നിലെ ‘മുസ്ലിം’ എടുത്തു മാറ്റാൻ പറഞ്ഞാൽ അതും ലീഗ് കേൾക്കേണ്ടി വരില്ലേ. ഇതിനേക്കാൾ നല്ലത് ലീഗ് പിരിച്ചുവിട്ട് കോൺഗ്രസിൽ ലയിക്കുന്നതാണെന്നും എടി ജലീൽ കുറിപ്പിൽ പറയുന്നു.
കെടി ജലീലിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
ലീഗ് “പച്ചപ്പതാക” മാറ്റുമോ?
രാഹുൽഗാന്ധി വരുമ്പോൾ ഉയർത്താൻ പറ്റാത്ത പതാകയാണ് ലീഗിൻ്റെ പച്ചപ്പതാകയെങ്കിൽ അടിയന്തിരമായി ലീഗ്, കൊടിയുടെ നിറം മാറ്റുന്നതിനെ കുറിച്ച് ആലോചിക്കണം. ഖാഇദെമില്ലത്തിനും സീതിസാഹിബിനും ബാഫഖി തങ്ങൾക്കും പറ്റിയ “തെറ്റ്” ഞങ്ങൾ തിരുത്തുന്നു എന്ന് പ്രഖ്യാപിക്കണം. അതിനായി മുസ്ലിംലീഗിൻ്റെ ഭരണഘടന ഭേദഗതി ചെയ്യണം. അഞ്ചുപതിറ്റാണ്ടിലധികമായി ലീഗിൻ്റെ സഖ്യകക്ഷിയായ കോൺഗ്രസ്സിന് പോലും അലർജിയാണ് “അർധനക്ഷത്രാങ്കിത ഹരിതപതാക”യെങ്കിൽ പിന്നെ ആർക്കാണ് ആ പതാക ദഹിക്കുക? സംഘ് പരിവാറിൻ്റെ മറ്റൊരു പതിപ്പായി കോൺഗ്രസ്സും മാറുകയാണെന്നല്ലേ അതിനർത്ഥം?
ലീഗിൻ്റെ പേരും പതാകയുമാണ് 1947 മുതൽ 1967 വരെ മുസ്ലിംലീഗിനെ അംഗീകൃത ഘടകകക്ഷിയാക്കാൻ കോൺഗ്രസ്സിന് തടസ്സമായത്. പച്ചക്കൊടിയോടുള്ള “അയ്ത്തം” കോൺഗ്രസ്സ് നേതാക്കൾക്ക് മാറിയത് 1967-ൽ ചെങ്കൊടിയുടെ കൂടെ പച്ചപ്പതാക കൂട്ടിക്കെട്ടിയതോടെയാണ്. സംഘ്പരിവാറിൻ്റെ താൽപര്യങ്ങൾക്കനുസരിച്ച് “ഹരിതപതാക” ഉയർത്താൻ ഭയപ്പെടുന്ന ലീഗ് ചെരിപ്പിനനുസരിച്ച് കാല് മുറിക്കുകയാണ്. കോൺഗ്രസ്സിൻ്റെ പതാകയും ഉയർത്തിയില്ലല്ലോ എന്ന് മേനി പറയുന്നവർ മൂവർണ്ണ ബലൂണുകളും തൊപ്പിയും ജാഥയിൽ നിർലോഭമുണ്ടായതിനെ കുറിച്ച് എന്താണ് ഒരക്ഷരം ഉരിയാടാത്തത്? കൊടി പോകട്ടെ, ലീഗ് പ്രവർത്തകർക്ക് പച്ചത്തൊപ്പിയെങ്കിലും ധരിക്കാൻ അവകാശം നൽകിക്കൂടായിരുന്നോ? പച്ചക്കൊടിയോട് രാഹുൽ ഗാന്ധിക്ക് ഇത്ര അലർജിയാണെങ്കിൽ പച്ചക്കൊടി ആരും പിടിക്കാത്ത കർണ്ണാടകയിലോ അന്ധ്രയിലോ യു.പിയിലോ അദ്ദേഹത്തിന് മൽസരിക്കാമായിരുന്നില്ലേ? വയാനാടിന് പ്രകൃതി കനിഞ്ഞരുളിയ നിറമാണ് പച്ച. ആ പച്ച തന്നെയല്ലേ ലീഗിൻ്റെ കൊടിയുടെ നിറത്തിലെ പച്ചയും?