മുഖ്യമന്ത്രിയെ പരിഹസിച്ച് മുരളീധരൻ
മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചതിനാൽ ജനം പുറത്ത് ഇറങ്ങിയാൽ ജയിലിൽ പോകേണ്ടി വരുമെന്ന അവസ്ഥയാണെന്ന് പരിഹസിച്ച് കെ മുരളീധരൻ. കെ കരുണാകരൻ പൈലറ്റ് വാഹനം ഉപയോഗിച്ചപ്പോൾ പുകിലുണ്ടാക്കിയവരാണ് വാഹന വ്യുഹത്തിന് നടുക്ക് പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാൻ ആരും ഇതുവരെ എത്തിയിട്ടില്ലെന്ന് കെ മുരളീധരൻ എംപി പറഞ്ഞു. മത്സരം ദോഷമുണ്ടാക്കില്ല. മറ്റ് സംസ്ഥാനങ്ങളിൽ മത്സരങ്ങൾ നടന്നിരുന്നു. മത്സരം പാർട്ടിയുടെ കെട്ടുറപ്പിനെ ബാധിക്കില്ല. മത്സരത്തിന്റെ പേരിൽ തർക്കത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിലെ ഷുഹൈബ് വധക്കേസ് ഒതുക്കാൻ അനുവദിക്കില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. പി ജയരാജന്റെ സൈബർ പോരാളിയാണ് ആകാശ് തില്ലങ്കേരി. പിന്നെ എങ്ങനെ പാർട്ടിയുമായി ബന്ധമില്ലെന്ന് പറയും? ഇപ്പോഴത്തെ വിവാദങ്ങൾക്ക് പിന്നിൽ കറുത്ത കൈകളുണ്ട്. അത് പുറത്ത് കൊണ്ടുവരണം. ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്താൽ ആകാശ് തില്ലങ്കേരി എല്ലാം വിളിച്ചു പറയും. അതുകൊണ്ട് കീഴടങ്ങാൻ അവസരമൊരുക്കി. തില്ലങ്കേരി വെളിപ്പെടുത്തൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും സിപിഎമ്മിന് പങ്കില്ലെങ്കിൽ കേന്ദ്ര അന്വേഷണത്തെ ഭയക്കുന്നതെന്തിനെന്നും അദ്ദേഹം ചോദിച്ചു.