തൃക്കാക്കര ഓണക്കിഴി വിവാദം; മുൻ ചെയർപേഴ്സൺ അജിത തങ്കപ്പൻ ഒന്നാം പ്രതി, കോടതിയിൽ റിപ്പോർട്ട് നൽകി വിജിലൻസ്
തൃക്കാക്കര നഗരസഭയിലെ ഓണക്കിഴി വിവാദത്തിൽ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകി. നഗരസഭ മുൻ ചെയർപേഴ്സൺ അജിത തങ്കപ്പനെ ഒന്നാം പ്രതിയാക്കിയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഗൂഢാലോചന, അഴിമതി അടക്കം വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഓണാഘോഷത്തിനായി റവന്യൂ ഇൻസ്‌പെക്ടർ പ്രകാശ് കുമാറാണ് പണം പിരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. മൂന്ന് കടകളിൽ നിന്ന് കൃത്രിമ ബില്ല് ഉപയോഗിച്ച് 2.10 ലക്ഷം രൂപ പിരിച്ചുവെന്നും ഈ പണം കൗൺസിലർമാർക്ക് കവറിൽ വീതിച്ച് നൽകുകയായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
നഗരസഭയിൽ ഓണക്കോടിക്കൊപ്പമാണ് കൗൺസിലർമാർക്ക് ചെയർപേഴ്‌സൺ 10,000 രൂപയും സമ്മാനിച്ചത്. പണം വാങ്ങുന്നത് പന്തിയല്ലെന്ന് തോന്നിയവർ കവർ ചെയർപേഴ്‌സണ് തിരിച്ച് നൽകി. ഇവരാണ് വിജിലൻസിൽ പരാതി നൽകിയത്. സംഭവത്തിൽ കോൺഗ്രസ് കൗൺസിലർ വി ഡി സുരേഷ് അടക്കം അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.