മുനമ്പത്ത് സർക്കാർ - ബിജെപി കള്ളക്കളി ; സർക്കാർ പാലക്കാട് ബിജെപിക്ക് സ്പെയ്സ് ഉണ്ടാക്കി കൊടുക്കുന്നു , വി.ഡി സതീശൻ
മുനമ്പത്ത് സർക്കാർ - ബിജെപി കള്ളക്കളി നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൂരം കലക്കി തൃശൂരിൽ ബിജെപിയെ ജയിപ്പിച്ചതുപോലെ മുനമ്പം പ്രശ്നത്തിലൂടെ പാലക്കാട് ബിജെപിക്ക് ഒരു സ്പെയ്സ് ഉണ്ടാക്കി കൊടുക്കാനാണ് സർക്കാർ ശ്രമമെന്ന് വിഡി സതീശൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു സതീശൻ.
കെ മുരളീധരൻ എപ്പോൾ പ്രചാരണത്തിന് എത്തും എന്നതിൽ പാലക്കാട് പ്രസക്തിയില്ല. കോൺഗ്രസിനെ സ്നേഹിക്കുന്ന കേരളത്തിലെ മുഴുവൻ നേതാക്കളും മൂന്ന് മണ്ഡലങ്ങളിലും പ്രചാരണത്തിന് എത്തും. പ്രസംഗിക്കാൻ വരുന്ന നേതാക്കളുടെ ലിസ്റ്റ് തരാമെന്നും സതീശൻ പ്രതികരിച്ചു. സന്ദീപ് വാര്യരുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. ചർച്ച നടത്തിയാൽ തന്നെ മാധ്യമങ്ങളോട് പറയാൻ പറ്റുമോ എന്നും വിഡി സതീശൻ ചോദിച്ചു.
പ്രകാശ് ജവഡേക്കർ പറയുന്നതിനെ വഖഫ് ബോർഡ് ന്യായികരിക്കുകയാണ്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന രാഷ്ട്രീയ നിലപാട് സർക്കാർ സ്വീകരിക്കണം. കോടതിയിൽ വഖഫ് ഭൂമിയല്ല എന്ന നിലപാട് എടുക്കണം. കേന്ദ്ര വഖഫ് നിയമം പാസായാൽ പിന്നാലെ ചർച്ച് നിയമം വരും. കേന്ദ്ര വഖഫ് നിയമത്തിൽ പ്രശ്നങ്ങളുണ്ട്. കേന്ദ്ര അനുമതി വാങ്ങിയാലും കെ റെയിൽ കൊണ്ടു വരാൻ അനുവദിക്കില്ല. കെ റെയിൽ കേരളത്തിൻ്റെ ഭൂപ്രകൃതിക്ക് എതിരാണ്. ഒരു കാരണവശാലും സിൽവർ ലൈൻ നടപ്പാക്കാൻ അനുവദിക്കില്ലെന്നും വി. ഡി സതീശൻ പറഞ്ഞു.