മുനമ്പം വഖഫ് ഭൂമി വിഷയം ; സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ലത്തീൻ അതിരൂപത
മുനമ്പം വഖഫ് വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ലത്തീൻ അതിരൂപത. അടിയന്തരമായി ഇടപെടേണ്ട വിഷയത്തിൽ അടിയന്തരമായി ഇടപെടണം. ഇല്ലെങ്കിൽ അത് പ്രശ്‌നങ്ങൾക്ക് കാരണമാകും. ഉപതെരഞ്ഞെടുപ്പിന്റെ പേരിൽ സർക്കാർ ഇടപെടൽ മാറ്റിവെക്കരുതെന്നും ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ പറഞ്ഞു. തിരുവനന്തപുരത്ത് മുനമ്പം ഐക്യദാർഢ്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പം വിഷയത്തിൽ മതസൗഹാർദം തർക്കുന്ന രീതിയിലുള്ള ഇടപെടലുകൾ ഉണ്ടായി. വൈകാരികപ്രതികരണങ്ങൾ ഉണ്ടാകണമെന്നും അതിനെ വർഗീയവത്കരിക്കണമെന്നും ആഗ്രഹിക്കുന്നവരുടെ നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട സവിശേഷതകളിൽ ഒന്നാണ് മതേതരത്വം. അതിനെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ കാര്യങ്ങൾ കൂടുതൽ വഷളാക്കുമെന്ന തിരിച്ചറിവ് വേണമെന്നും ബിഷപ്പ് പറഞ്ഞു.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കെപിസിസി മുൻ അധ്യക്ഷൻ വി.എം സുധീരൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.