'മന്ത്രിയായാലും നേതാക്കൾ ആയാലും ജാഗ്രത പാലിക്കണം'; ജനം തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്ക് ഒപ്പം നിൽക്കുമെന്ന് റിയാസ്
ഇടതുപക്ഷ മുന്നണി പ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. അത് മന്ത്രിയായാലും നേതാക്കൾ ആയാലും ജാഗ്രത വേണം. ഓരോ ചലനത്തിലും ചിരിയിലും ഹസ്തദാനത്തിൽ പോലും ജനങ്ങളുടെ ആഗ്രഹം അനുസരിച്ചായിരിക്കണം പ്രവർത്തനം. യുഡിഎഫിനെ വിശ്വസിക്കാനാകില്ലെന്ന് ജനങ്ങൾക്കറിയാം. അതിനാൽ ജനം തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്ക് ഒപ്പം നിൽക്കും. ഇടതുപക്ഷമെന്താണെന്ന് ജനങ്ങൾക്കറിയാം. ഇടതുപക്ഷം ശ്വസിക്കുന്ന വായുവിൽ പോലും മതവർഗീയ വിരുദ്ധ നിലപാടും ബിജെപി വിരുദ്ധതയുമുണ്ട്. അത് അവസാന ശ്വാസം വരെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയരാജനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപിക്ക് ജാഗ്രത കുറവുണ്ടായി എന്നും പിണറായി വിജയൻ പറഞ്ഞു. ഇത്തരക്കാരുമായി പരിയത്തിനപ്പുറത്തുള്ള ബന്ധമോ ലോഹ്യമോ ആവശ്യമില്ലെന്നും മുഖ്യമന്ത്രി വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.