'എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറരുത്'; ഹർജിയുമായി മകൾ ഹൈക്കോടതിയിൽ
അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകൾ ആശ ഹൈക്കോടതിയിൽ. ലോറൻസിന്റെ മൃതദേഹം ഇന്ന് കളമശ്ശേരി മെഡിക്കൽ കോളജിന് കൈമാറുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറരുതെന്നും മൃതദേഹം ആശുപത്രിക്ക് കൈമാറാൻ ലോറൻസ് പറഞ്ഞിരുന്നില്ലെന്നുമാണ് ഹർജിയിലുള്ളത്. ഹർജി ഹൈക്കോടതി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.
കൊച്ചിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ ഏഴര മുതൽ വീട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. ശേഷം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ ലെനിൻ സെന്റിൽ എത്തിക്കും. വൈകുന്നേരം നാല് മണി വരെ എറണാകുളം ടൗൺ ഹാളിലും പൊതുദർശനം ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മുതിർന്ന സിപിഎം നേതാക്കൾ എം.എം.ലോറൻസിന് അന്ത്യാഞ്ജലി അർപ്പിക്കാൻ കൊച്ചിയിലെത്തും. വൈകുന്നേരം നാലു മണിയോടെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് കൈമാറുമെന്നുമായിരുന്നു സിപിഎം അറിയിപ്പ്. എന്നാൽ മെഡിക്കൽ കോളേജിന് കൈമാറുന്നതിനെതിരെയാണ് മകൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു ലോറൻസിന്റെ അന്ത്യം. 2015 ൽ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാർട്ടിയുടെ ഔദ്യോഗിക സമിതികളിൽ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറൻസ്. ന്യൂമോണിയ ബാധയെ തുടർന്ന് കുറച്ചു നാളുകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.