ഇതുപോലെ ഒരു കൊള്ളബജറ്റ് ചരിത്രത്തിൽ ഉണ്ടായിട്ടില്ല; എംഎം ഹസ്സൻ
ഇന്ധനവിലയ്‌ക്കെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ വ്യക്തമാക്കി. ജനങ്ങളെ ഇതുപോലെ കൊള്ളയടിക്കുന്ന ബജറ്റ് ചരിത്രത്തിൽ ഉണ്ടായിട്ടില്ല.നികുതി കൊള്ളയാണ് സർക്കാർ നടത്തുന്നത്.യു.ഡി.എഫ് ശക്തമായ സമരം നടത്തും.6 ന് യോഗം ചേർന്ന് സമര രീതി തീരുമാനിക്കും.ജനരോഷത്തിൽ എൽ ഡി എഫ് മണ്ണാങ്കട്ട പോലെ അലിഞ്ഞ് ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കൊച്ചിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനോട് മാധ്യമങ്ങൾ പ്രതികരണം തേടിയപ്പോൾ അദ്ദേഹം മാധ്യമങ്ങളേയും കേന്ദ്രസർക്കാരിനേയും പഴി ചാരി. ഇന്ധന വില ഇത്രകണ്ട് ഉയരാൻ കാരണം കേന്ദ്ര സർക്കാരിൻറെ നിലപാടാണ്. കേന്ദ്ര വിഹിതത്തിൽ നാൽപതിനായിരം കോടിയുടെ കുറവ് ഉണ്ടാകും. സംസ്ഥാനത്തിന് വരുമാന വർദ്ധനവ് ആവശ്യമാണ്. ഇതേകുറിച്ച് ഒന്നും പറയാതെ മാധ്യമങ്ങൾ ഇന്ധനവിലവർദ്ധനയെകുറിച്ച് മാത്രം പറയുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇപ്പോൾ അവതരിപ്പിച്ചത് ബജറ്റ് നിർദ്ദേശങ്ങളാണ്.ഇതിൽ ചർച്ച നടത്തിയാകും അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി,.