കെപിസിസി തര്‍ക്കം ഏട്ടനും അനിയന്മാരും തമ്മിലുള്ളത്; ഹൈക്കമാൻ്റ് ഇടപെടേണ്ടതില്ല: എംകെ രാഘവൻ
കെപിസിസിയിലെ ഉൾപ്പാര്‍ട്ടി തര്‍ക്കം ഏട്ടൻ അനിയന്മാർ തമ്മിൽ ഉള്ള സ്വാഭാവിക തര്‍ക്കമെന്ന് എംകെ രാഘവൻ എംപി. ഈ തർക്കങ്ങൾ പാർട്ടിയെ ബാധിക്കില്ല. ഈ വിഷയം കെട്ടടങ്ങും. പാർട്ടിക്കുള്ളിൽ തന്നെ തീരും. ഹൈക്കമാൻഡ് ഇടപെടേണ്ട സാഹചര്യമില്ല. പാർട്ടിയിൽ പുകയും തീയുമില്ല. മാധ്യമങ്ങൾ ഇനി കത്തിക്കാതിരുന്നാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
ഷിരൂരിൽ തെരച്ചിൽ നിർത്തില്ലെന്നും കോഴിക്കോട് എംപി വ്യക്തമാക്കി. തെരച്ചിൽ ഇനിയും തുടരും. ഇക്കാര്യം കളക്ടർ നേവിയോടും ആർമിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്ലോട്ടിങ്ങ് വെസൽ കൊണ്ടുവന്ന് ഇരുമ്പ് കമ്പി ഉപയോഗിച്ച് പുഴയിൽ ഇറങ്ങാൻ ഇന്ന് ശ്രമിക്കും. സാധ്യമായ എല്ലാ കാര്യങ്ങളും ഷിരൂരിൽ ചെയ്യുന്നുണ്ട്. അടിയൊഴുക്ക് ശക്തമാണ്. മനുഷ്യ സാധ്യമായ എല്ലാം ഷിരൂരിൽ ചെയ്യുന്നുണ്ട്. അര്‍ജുൻ്റെ കുടുംബത്തിനെതിരെ സൈബർ ആക്രമണം നടത്തരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
പ്രതികരിച്ച് രമേശ് ചെന്നിത്തല
ഐക്യത്തിന്റ സന്ദേശം ഇല്ലാതാക്കരുതെന്നും കോൺഗ്രസ് ഒരുമിച്ച് പോകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങൾ വഷളാക്കരുത്. പരാതി ഉണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കണം. പാർട്ടി യോഗങ്ങളിലെ അഭിപ്രായങ്ങൾ പുറത്തു പറയരുത്. മിഷൻ 2025 എല്ലാവരും യോജിച്ചു എടുത്ത തീരുമാനമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചു.