അരിക്കൊമ്പൻ ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു
വനം വകുപ്പിന്റെ അരിക്കൊമ്പൻ ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു. പുലർച്ചെ 4.30ന് ദൗത്യം ആരംഭിച്ചെങ്കിലും, ഉച്ചയ്ക്ക് 12 മണിയായിട്ടും അരിക്കൊമ്പനെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് തൽക്കാലത്തേക്ക് അവസാനിപ്പിക്കുന്നത്. ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ പ്രദേശത്തുള്ള ഉദ്യോഗസ്ഥർക്ക് മടങ്ങാൻ ഔദ്യോഗികമായി നിർദേശം ലഭിച്ചു. നാളെ രാവിലെ വീണ്ടും ദൗത്യം തുടരുമെന്നാണ് വിവരം. അരിക്കൊമ്പനെ കണ്ടെത്താനായി കൂടുതൽ പേരടങ്ങുന്ന സംഘം തിരച്ചിലിറങ്ങിയെങ്കിലും അതും വിഫലമായിരുന്നു.
അരിക്കൊമ്പൻ ഉറക്കത്തിലാണെന്ന നിഗമനത്തിലാണ് വനംവകുപ്പ്. അരിക്കൊമ്പനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന വെളിപ്പെടുത്തലുമായി വനംവകുപ്പ് രംഗത്തെത്തിയിരുന്നു. രാവിലെ ദൗത്യസംഘം കണ്ടതും ചാനലുകളിൽ ഉൾപ്പെടെ ദൃശ്യങ്ങൾ പ്രചരിച്ചതും മറ്റൊരു കാട്ടാനയായ ചക്കക്കൊമ്പന്റെയാണെന്നാണ് വനംവകുപ്പ് നൽകിയ വിശദീകരണം.
കാട്ടാനക്കൂട്ടത്തിനൊപ്പം അരിക്കൊമ്പൻ നിൽക്കുന്നുവെന്നായിരുന്നു വിവരമെങ്കിലും, ആനക്കൂട്ടത്തിനൊപ്പമുള്ളത് ചക്കക്കൊമ്പനാണെന്ന് വനം വകുപ്പ് അറിയിക്കുകയായിരുന്നു. ഈ മേഖലയിലുള്ള മറ്റ് പ്രധാന ആനകളെയെല്ലാം കണ്ടെത്താൻ വനംവകുപ്പിന് സാധിച്ചെങ്കിലും, അരിക്കൊമ്പനെ ഇതുവരെ കണ്ടെത്താനായില്ല. അരിക്കൊമ്പൻ എവിടെയെന്ന് ഇപ്പോഴും നിശ്ചയമില്ല. രാവിലെ കണ്ട കാട്ടാനക്കൂട്ടത്തിൽ അരിക്കൊമ്പനുണ്ടെന്ന് തെറ്റിദ്ധരിച്ചിരുന്നു.