കാണാതായ അസം ബാലികയെ തിരുവനന്തപുരത്തെത്തിച്ചു; ഇന്ന് പ്രത്യേക സിറ്റിങ്
കുട്ടി വീടുവിട്ടിറങ്ങാൻ ഉണ്ടായ സാഹചര്യം,വീട്ടിൽ രക്ഷിതാക്കളിൽ നിന്നും നിരന്തരം മർദനവും വഴക്കും ഏൽക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ വിശദമായി കേൾക്കും. കുട്ടിയിൽ നിന്ന് വിവരങ്ങള്‍ തേടിടശേഷം രക്ഷിതാക്കളുടെ മൊഴിയും രേഖപ്പെടുത്തും. കുട്ടിയെ മർദ്ദിച്ചതായുള്ള പരാതി സിഡബ്ല്യുസിയുടെ മുൻപിലുണ്ട്. ഇരു ഭാഗങ്ങളും വിശദമായി കേട്ടതിന് ശേഷമായിരിക്കും തുടർ നടപടികൾ.
ശേഷം കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിടണോ അതോ വീണ്ടും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണോ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനം എടുക്കും. തുടർന്ന് കുട്ടിയുടെ വൈദ്യ പരിശോധനകൾക്ക് ശേഷം മജിസ്‌ട്രേറ്റിന് മുൻപിൽ കൊണ്ട് പോയി മൊഴി രേഖപ്പെടുത്തും. കുട്ടിയ്ക്ക് ആവശ്യമായ കൗൺസിലിങ് നൽകുമെന്നും തുടർ പഠനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഡിഡബ്ല്യുസി പറഞ്ഞു.
കഴിഞ്ഞ 20-നാണ് മാതാപിതാക്കളോടു പിണങ്ങി പെൺകുട്ടി വീടുവിട്ടുപോയത്. കഴക്കൂട്ടം പോലീസിൽ പിതാവ് പരാതി നൽകിയതോടെ അന്വേഷണം ഊർജിതമായി. ബുധനാഴ്ച പുലർച്ചെ കന്യാകുമാരിയിലേക്കുള്ള ട്രെയിനിൽ കുട്ടിയെ കണ്ടെന്ന് അറിഞ്ഞതോടെ കേരള, തമിഴ്‌നാട് പോലീസും ആർ.പി.എഫും റെയിൽവേ സ്റ്റേഷനുകളിലും പുറത്തും പരിശോധന നടത്തി.
കുട്ടി കന്യാകുമാരി സ്റ്റേഷനിൽ ഇറങ്ങുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ചെന്നൈയിലേക്കോ ഗുവാഹാട്ടിയിലേക്കോ പോയേക്കാമെന്ന നിഗമനത്തിൽ അന്വേഷണം വ്യാപിപ്പിച്ചു. മലയാളി അസോസിയേഷനുകളുടെ സഹായത്തോടെ ട്രെയിനുകളിൽ പരിശോധന തുടങ്ങി. വിശാഖപട്ടണത്ത് മലയാളി അസോസിയേഷൻ അംഗങ്ങൾ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.