നടിയോട് അപമര്യാദയായി പെരുമാറിയ സംഭവം; മുൻകൂർ ജാമ്യാപേക്ഷയുമായി തൃശൂർ സ്വദേശി
യുവനടിയോട് ഫ്‌ലൈറ്റിൽ വെച്ച് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ച് തൃശൂർ സ്വദേശി ആന്റോ. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് ഇയാൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. വിൻഡോ സീറ്റുമായി ബന്ധപ്പെട്ട തർക്കം മാത്രമാണ് ഉണ്ടായതെന്നും വിമാനത്തിലെ ജീവനക്കാർ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചിരുന്നുവെന്നും ആന്റോ ഹർജിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി മലയാളത്തിലെ യുവനടി രം?ഗത്തെത്തിയത്. മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനയാത്രക്കിടെയാണ് സംഭവമുണ്ടായത്. സഹയാത്രക്കാരൻ തന്നോട് തട്ടിക്കയറി സംസാരിച്ചു എന്നും ഇയാൾ മദ്യപിച്ചിരുന്നതായും ഉള്ള ആക്ഷേപം നടി ഉന്നയിച്ചിരുന്നു. ഒപ്പം തന്നെ ഇയാൾ ശരീരത്തിൽ സ്പർശിച്ചതായും നടി പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്ത്, പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം നടത്തിയത്. എന്നാൽ ഇയാളെ കണ്ടെത്താനോ മൊഴിയെടുക്കാനോ സാധിച്ചില്ല.